കാട്ടാക്കട : സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മാലിന്യ കൂമ്പാരം കണ്ട് രാത്രി മടങ്ങിയ പഞ്ചായത്ത് അധികൃതരും പൊലീസും അടുത്ത ദിവസം രാവിലെ നടപടികൾക്ക് എത്തിയപ്പോൾ പറമ്പ് ക്ലീൻ.! പ്ലാസ്റ്റിക്,ജൈവ മാലിന്യങ്ങൾ കത്തിക്കുന്നതിനിടെ വ്യാഴാഴ്ച രാത്രി പത്തോടെ സ്ഥലത്തെത്തിയ പഞ്ചായത്ത് അംഗത്തിന്റെ സാന്നിധ്യത്തിൽ പറമ്പിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത 2 പേർക്ക് രാത്രി തന്നെ ജാമ്യം ലഭിച്ചു. മാലിന്യം നീക്കാൻ ഉപയോഗിച്ച വാഹനം അപ്രത്യക്ഷമായി.പൊലീസിന്റെ സാന്നിധ്യത്തിൽ മാലിന്യം നിറഞ്ഞ പറമ്പ് സീൽ ചെയ്തിട്ടും രാത്രി ഒരു സംഘമെത്തി ഗേറ്റ് തുറന്ന് മണ്ണുമാന്തി ഉപയോഗിച്ച് മാലിന്യം കുഴിച്ചിട്ടു. സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നും വാഹനം പിടിച്ചെടുത്ത് നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കാട്ടാക്കട പഞ്ചായത്ത് സെക്രട്ടറി പൊലീസിനു കത്ത് നൽകി. കുളത്തോട്ടുമല വാട്ടർ ടാങ്കിനു സമീപം ആളൊഴിഞ്ഞ പറമ്പിലാണ് മാലിന്യം കുന്നുകൂടിയത്. രാത്രി നഗരത്തിൽ നിന്നും ജൈവ–അജൈവ മാലിന്യം ഇവിടെ എത്തിക്കും. പ്ലാസ്റ്റിക് വേർതിരിച്ച് കത്തിക്കും. ഇത് പതിവായതോടെ സമീപവാസികൾ പരാതി നൽകി.വ്യാഴം രാത്രി പുക ഉയർന്നതോടെ പഞ്ചായത്ത് അംഗത്തെ വിവരമറിയിച്ചു. സെക്രട്ടറിയുടെ നിർദേശ പ്രകാരം പൊലീസെത്തി പറമ്പിൽ കടന്നപ്പോൾ കണ്ട കാഴ്ച ദയനീയം. പറമ്പിലേക്കു പ്രവേശിക്കുന്ന ഗേറ്റ് പൂട്ടി സീൽ ചെയ്ത് ഇന്നലെ രാവിലെ തുടർ നടപടിക്ക് തീരുമാനിച്ച് മടങ്ങി. ഒപ്പം ഇവിടെ ഉണ്ടായിരുന്ന 2 പേരെ കസ്റ്റഡിയിലെടുത്തു.രാവിലെ പഞ്ചായത്ത് പ്രസിഡന്റ്,സെക്രട്ടറി,ആരോഗ്യ വിഭാഗം ജീവനക്കാർ ഉൾപ്പെടെ പറമ്പിൽ എത്തിയപ്പോഴാണ് മാലിന്യം കുഴിച്ച് മൂടിയത് മനസ്സിലാക്കിയത്.
