തിരുവനന്തപുരം ∙ നെയ്യാറ്റിൻകര കാഞ്ഞിരംകുളത്തിന് സമീപം നെല്ലിമൂട് കണ്ണറവിള സ്വദേശികളായ 2 പേർക്കു കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ കണ്ടെത്തിയ 2 പേരെ ഇന്നലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണറവിള പ്ലാവറത്തല ശ്രീ മുരുക ഭവനിൽ ശ്യാം (25), മരുതംകോട് പ്ലാവറത്തല വീട്ടിൽ ധനുഷ് (19) എന്നിവരിലാണ് ഇന്നലെ രോഗം കണ്ടെത്തിയത്. ഇതോടെ ജില്ലയിൽ ഈ രോഗം ബാധിച്ചവരുടെ എണ്ണം 6 ആയി. ഇവരിൽ കണ്ണറവിള പൂതംകോട് അനുലാൽ ഭവനിൽ പി.എസ്.അഖിൽ (അപ്പു–27) കഴിഞ്ഞ 23നു മരിച്ചു.
ഇതിനു പിന്നാലെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച കണ്ണറവിള മരുതംകോട് കാവിൻകുളം പുത്തൻവീട്ടിൽ അനീഷ് (ശ്രീക്കുട്ടൻ–24), പ്ലാവറത്തല പുത്തൻവീട്ടിൽ ഹരീഷ് (23), പേരൂർക്കട മണ്ണാമൂല വിആർഎ 49–എ ആനന്ദ സദനത്തിൽ വി.നിജിത് (38) എന്നിവർക്കു ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. രോഗലക്ഷണമുള്ള കണ്ണറവിള മരുതംകോട് സ്വദേശികളായ സജീവ് (26), അജി (24) എന്നിവരെയാണ് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.കണ്ണറവിള സ്വദേശികൾക്കു സമീപത്തെ കാവിൻകുളത്തിൽ നിന്നാണു രോഗം ബാധിച്ചതെന്നാണ് അനുമാനം.
എന്നാൽ ഈ കുളത്തിൽ നിന്നെടുത്ത സാംപിളിൽ അമീബയുടെ സാന്നിധ്യം കണ്ടെത്തിയില്ല. അതിനാൽ വീണ്ടും സാംപിൾ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചു.എന്നാൽ പേരൂർക്കട സ്വദേശിയും ഡ്രൈവറുമായ നിജിത്തിന് രോഗം ബാധിച്ചത് എങ്ങനെയെന്നു കണ്ടെത്താനായിട്ടില്ല. മുങ്ങിക്കുളിക്കുമ്പോൾ ചെവിയിലൂടെയോ മൂക്കിലൂടെയോ ബാക്ടീരിയ തലച്ചോറിൽ എത്തുമെന്നാണ് ഇതുവരെ ഡോക്ടർമാർ പറഞ്ഞിരുന്നത്. എന്നാൽ കുളത്തിലോ നദിയിലോ നിജിത് കുളിക്കാറില്ലെന്നു സഹോദരൻ നിജേഷ് പറഞ്ഞു. ശനിയാഴ്ച അപസ്മാര ലക്ഷണങ്ങളോടെ നിജിത് ബോധരഹിതനായി വീണു. തുടർന്നാണു മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. നിജിത് കുളത്തിലോ നദിയിലോ കുളിച്ചിട്ടില്ലെങ്കിലും മുഖം കഴുകിയപ്പോഴോ മറ്റോ അമീബ ശരീരത്തിൽ പ്രവേശിച്ചിരിക്കാമെന്നാണ് ഇന്നലെ ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചത്.
