കല്ലമ്പലം : അമീബിക് മസ്തിഷ്ക ജ്വരം ജില്ലയിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പായൽ നിറഞ്ഞ് മലിനമായ കല്ലമ്പലം ടൗൺ പ്രദേശത്തെ നാറാണത്ത് ചിറയിൽ ഇറങ്ങരുത് എന്ന് നിർദേശം നൽകി ആരോഗ്യ വകുപ്പ്. ഒരാഴ്ച മുൻപ് വരെ നാട്ടുകാർ കുളിക്കാനും മറ്റും കുളം ഉപയോഗിച്ചിരുന്നു. മറ്റു സ്ഥലങ്ങളിൽ നിന്ന് എത്തുന്ന വിദ്യാർഥികൾ അന്യംസംസ്ഥാന തോഴിലാളികൾ ഒക്കെ ഇവിടെ പതിവായി കുളിക്കുമായിരുന്നു. ആരോഗ്യ വകുപ്പിന്റെ കർശന നിർദേശത്തെ തുടർന്ന് ചിറയിലേക്കുള്ള കവാടം അടച്ചതോടെ ആളുകൾ വരാതായി.

ജനങ്ങൾക്ക് ഉപയോഗപ്രദമായ ചിറ നവീകരിക്കണം എന്ന ആവശ്യവും ശക്തമാണ്. കരവാരം പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ചിറ. പല ഘട്ടങ്ങളിലായി ചിറ നവീകരിച്ചെങ്കിലും തുടർ നടപടികളില്ലാത്തതിനാൽ ഇതു പായലും മാലിന്യവും നിറഞ്ഞ് പലപ്പോഴും പ്രദേശവാസികൾക്ക് ഭീഷണിയായി മാറുകയാണ്. ഒരു കാലത്ത് നാട്ടിലെ ഗാർഹിക, കാർഷിക ആവശ്യങ്ങൾക്ക് ചിറയിലെ ജലം യഥേഷ്ടം ഉപയോഗിച്ചിരുന്നു. സമീപത്തെ കോമല്ല ഏലായിലെ കൃഷിക്ക് ഇതിലെ ജലം പ്രയോജനപ്പെടുത്തിയിരുന്നു.
പമ്പ് ഹൗസും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്ന ചിറയിൽ നീരൊഴുക്ക് സൗകര്യവും ഉണ്ടായിരുന്നു. എന്നാൽ കാലാ കാലങ്ങൾക്ക് അനുസരിച്ചുള്ള പ്രവർത്തനങ്ങൾ ഇല്ലാതായതോടെ ചിറ നാശത്തിലേക്ക് പോയി. വർഷങ്ങൾക്ക് മുൻപ് മത്സ്യക്കൃഷി തുടങ്ങിയെങ്കിലും അധികൃതരുടെ അവഗണന കാരണം വിജയിച്ചില്ല. പഞ്ചായത്തിലെ ശുദ്ധജല പദ്ധതിക്ക് ചിറയെ ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി എങ്കിലും അധികൃതർ എല്ലാം അവഗണിച്ച മട്ടാണ്.
