കിളിമാനൂർ∙ കെഎസ്ആർടിസി ഡിപ്പോയിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ ഉടമകളുടെ പക്കൽ നിന്ന് കോർപറേഷൻ അധികതുക ഈടാക്കുന്നതായി പരാതി. ഇരുചക്ര വാഹനങ്ങൾക്ക് 15 രൂപയും കാറിനു 75 രൂപയും ആണ് 24 മണിക്കൂർ പാർക്ക് ചെയ്യുന്നതിനു ഫീസായി വാങ്ങുന്നത്. ഭൂരിപക്ഷം പേർക്കും പാർക്കിങ് പരമാവധി 12 മണിക്കൂർ മതി. അമിത ഫീസ് കാരണം വാഹനങ്ങൾ റോഡിലും നടപ്പാതകളിലുമാണ് പാർക്ക് ചെയ്യുന്നത്. കെഎസ്ആർടിസി പാർക്കിങ് ഫീസ് കുറച്ചാൽ കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യുമെന്ന് വാഹന ഉടമകൾ പറയുന്നു.
റോഡിലും നടപ്പാതകളിലും പാർക്ക് ചെയ്ത ബൈക്കുകളിൽ ഇതിനകം മൂന്ന് ബൈക്കുകൾ മോഷണം പോയതായി ഉടമകൾ പറയുന്നു. അതേ സമയം പഴയകുന്നുമ്മേൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനു ചെറിയ തുകയാണ് ഈടാക്കുന്നത്.12 മണിക്കൂറിന് ഇരുചക്ര വാഹനങ്ങൾക്ക് 5 രൂപയും കാറിനും 10 രൂപയും ആണ് പഞ്ചായത്ത് പാർക്കിങ് ഫീസായി ഈടാക്കുന്നത്. ബസ് സ്റ്റാൻഡിൽ ഒന്നേകാൽ ഏക്കർ സ്ഥലം പാർക്കിങ്ങിനായി പഞ്ചായത്ത് വിട്ടു നൽകിയിരിക്കുന്നു. എന്നിരുന്നാലും ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഉടമകൾ തയാറാകുന്നില്ല. ടൗണിലും ഡിവൈഡറിന്റെ സമീപവും റോഡിനു ഇരുവശത്തും ആയി തലങ്ങും വിലങ്ങും ആയിട്ടാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇതു കാരണം സുഗമമായ വാഹന ഗതാഗതം തടസ്സപ്പെടുന്നത് പതിവാണ്. ടൗണിലെ ട്രാഫിക് ലംഘനങ്ങൾക്ക് എതിരെ പൊലീസ് നടപടിയൊന്നും എടുക്കാറില്ലെന്നും ആക്ഷേപമുണ്ട്.
