ചിറയിൻകീഴ് : വയനാട് ദുരിതത്തിന്റെ പശ്ചാത്തലത്തിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ബ്ലോക്ക് പഞ്ചായത്തിന്റെ ജനറൽ പർപ്പസ് ഫണ്ടിൽ നിന്ന് 10,00,000 രൂപയും പഞ്ചായത്തിന്റെ ദുരിതാശ്വാസ പ്രത്യേക ഫണ്ടിൽ നിന്ന് 60,000 രൂപയും ചേർത്ത് ആകെ 10,60,000 രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി ജയശ്രീ കൈമാറി. കൂടാതെ ബ്ലോക്ക് മെമ്പർമാരുടെ ഓണറേറിയം സംഭാവനയായി നൽകുകയാണെങ്കിൽ അതും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും. അതിനായി ഉടൻ ബ്ലോക്ക് മെമ്പർമാരുടെ യോഗം വിളിച്ച് ചേർത്ത് തീരുമാനം കൈക്കൊള്ളണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ജയശ്രീ ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എസ്.ഫിറോസ് ലാൽ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ പി.മണികണ്ഠൻ, കവിത സന്തോഷ്, ജോസഫിൻ മാർട്ടിൻ, ബി.ഡി.ഒ സ്റ്റാർലി.ഒ.എസ്, സന്തോഷ് കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
