നേമം : കരമനയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. പാപ്പനംകോട് സത്യൻനഗർ മലമേൽക്കുന്നിനു സമീപത്തെ കടവിൽ കുളിക്കാനിറങ്ങിയ പാപ്പനംകോട് എസ്റ്റേറ്റ് സ്വദേശി സലീമി(44)നെയാണ് കാണാതായത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം. സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ സലീം വെള്ളത്തിൽ താഴ്ന്നുപോവുകയായിരുന്നു. കഴിഞ്ഞ കുറേനാളുകളായി സലീം മലമേൽക്കുന്നിലെ സുഹൃത്തിന്റെ വീട്ടിലാണ് താമസം. ചെങ്കൽച്ചൂളയിൽ നിന്നുമെത്തിയ അഗ്നിരക്ഷാസംഘത്തിന്റെ സ്‌കൂബാ ടീം മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. വെളിച്ചക്കുറവു കാരണം രാത്രി ഏഴരയോടെ തിരച്ചിൽ അവസാനിപ്പിച്ചു. രാവിലെ വീണ്ടും തിരച്ചിൽ പുനരാരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പെയിന്റിങ് തൊഴിലാളിയാണ് സലീം. നേമം പോലീസും സ്ഥലത്തെത്തി.
