തിരുവനന്തപുരം : മെഡിക്കൽ കോളജ് ആശുപത്രിയിൽ ചട്ടം ലംഘിച്ച് ഓപ്പറേഷൻ തിയറ്ററിൽ ഓണാഘോഷം നടത്തി. ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിലെ ഓണാഘോഷമാണു വിവാദമായത്. വകുപ്പ് മേധാവി ഉൾപ്പെടെ ഓണസദ്യ കഴിക്കുന്ന ചിത്രങ്ങളും പുറത്തു വന്നു. കാർഡിയോളജി കാത്ത് ലാബിൽ ഇന്നലെ ഉച്ചയോടെയാണ് ഓണാഘോഷങ്ങൾ ആരംഭിച്ചത്. പാട്ടും ഡാൻസും സദ്യയും ഒക്കെയായിരുന്നു പരിപാടി. ഓപ്പറേഷൻ തിയറ്ററിൽ ഉപയോഗിക്കുന്ന യൂണിഫോമിലാണു കാർഡിയോളജി വിഭാഗത്തിലെ പലരും സദ്യയുണ്ടത്.
ആഘോഷത്തിന്റെ ഭാഗമായി കാത്ത് ലാബിൽ നടക്കേണ്ട ശസ്ത്രക്രിയകളും മാറ്റി വച്ചതായി ആരോപണമുണ്ട്. കാത്ത് ലാബിനുള്ളിൽ കലാപരിപാടികളും നടത്തിയതായും ആക്ഷേപമുണ്ട്. ഓപ്പറേഷൻ തിയറ്ററിൽ ഓണാഘോഷം നടത്തിയ സംഭവം നേരത്തെയും വിവാദമായിരുന്നു. ഹൃദ്രോഗത്തിന് ചികിത്സ തേടി എത്തുന്നവർക്കായി ശസ്ത്രക്രിയ നടത്തുന്ന കാത്ത് ലാബിൽ ഓണാഘോഷം നടന്നത് ഗുരുതര ചട്ടലംഘനമാണെന്നാണ് വിലയിരുത്തൽ.
എന്നാൽ, കാത്ത് ലാബിൽ ആഘോഷം നടത്തിയിട്ടില്ലെന്നാണ് കാർഡിയോളജി വിഭാഗം അധികൃതരുടെ വിശദീകരണം. ബാച്‌ലർ ഓഫ് കാർഡിയോ വാസ്‌കുലർ ടെക്നോളജി വിദ്യാർഥികൾ നടത്തിയ പരിപാടി സെമിനാർ ഹാളിലാണ് നടന്നതെന്ന് അധികൃതർ പറയുന്നു. ഇന്നലെ 13 ശസ്ത്രക്രിയകൾ നടന്നതായും അധികൃതർ പറഞ്ഞു. സെമിനാർ ഹാളിൽ നടന്ന ഓണാഘോഷത്തെ കാത്ത് ലാബിലാണെന്ന് വരുത്തിത്തീർക്കുന്നത് തെറ്റിദ്ധാരണപരത്താനാണെന്ന് കാർഡിയോളജി വിഭാഗം മേധാവി ഡോ.ശിവപ്രസാദ് അറിയിച്ചു
