വള്ളത്തിൽ നിന്നും തെറിച്ച് വീണ് തൊഴിലാളി മരിച്ചു.
തിരുവനന്തപുരം : പെരുമാതുറ മുതലപ്പൊഴിയിൽ വള്ളത്തിൽ നിന്നും തെറിച്ച് കടലിൽ വീണ തൊഴിലാളി മരിച്ചു. കൊല്ലം കരുനാഗപള്ളി ആലപ്പാട് ചെറിയഴീക്കൽ പൂമുഖത്ത് വീട്ടിൽ ജയകുമാർ (53) ആണ് മരിച്ചത്.വള്ളത്തിൽ ഒപ്പമുണ്ടായിരുന്ന രണ്ട് പേർ സുരക്ഷിതരാണ്.വെള്ളിയാഴ്ച രാത്രി 7 മണിയോടെയാണ് അപകടം. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട വള്ളം ഉയർന്ന് പൊങ്ങിയതോടെ ജയകുമാർ തെറിച്ച് കടലിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ ഇയാളെ രക്ഷപ്പെടുത്തി ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് ഉച്ചയോടെയാണ് കൊല്ലം സ്വദേശിയുടെ മണികണ്ഠൻ എന്ന വള്ളത്തിൽ ഇവർ കടലിലേക്ക് പോയത്. മത്സ്യബന്ധനം കഴിഞ്ഞ് മീനുമായി എത്തിയപ്പോഴായിരുന്നു അപകടം. മൃതദ്ദേഹം ചിറയിൻകീഴ് താലൂക്കാശുപത്രി മോർച്ചറിയിലാണ്. പോസ്റ്റ് മാർട്ടത്തിന് ശേഷം മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഈ വർഷം പൊഴിമുഖത്തുണ്ടാക്കുന്ന 5-ാം മത്തെ മരണമാണ്. പത്ത് വർഷത്തിനിടെ 74 ഓളം മത്സ്യതൊഴിലാളികളാണിവിടെ മരണപ്പെട്ടത്.
