നെടുമങ്ങാട്: മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കാപ്പ കേസിലെ പ്രതി ഉൾപ്പെടെ അറസ്റ്റിൽ. കരിപ്പൂർ നെയ്യപ്പള്ളിയിൽ വിനോദ് എന്ന ഷൈജു(39), അരുവിക്കര ഇരുമ്പ തടത്തരികത്ത് വീട്ടിൽ ആദർശ്(27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി ഏഴിന് കരകുളം മുല്ലശ്ശേരി തോപ്പിൽ കട്ടക്കാലിൽ പുത്തൻവീട്ടിൽ സോമനെയാണ് (66) പ്രതികൾ ആക്രമിച്ചത്.
മകന്റെ ബൈക്ക് പ്രതികൾ അടിച്ചു പൊട്ടിക്കുന്നത് മകനൊപ്പം തടയാൻ ശ്രമിച്ചപ്പോഴാണ് ഒന്നാംപ്രതിയായ വിനോദ് എന്ന ഷൈജു വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇയാൾ കാപ്പപ്രകാരം നാടുകടത്തപ്പെട്ടയാളും വധശ്രമം ഉൾപ്പെടെ നിരവധി കേസിലെ പ്രതിയുമാണ്. പരാതിക്കാരന്റെ മകനെ ഇയാൾ മുമ്പ് തലക്കടിച്ച് പരിക്കേൽപ്പിച്ചതിൽ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. ഇതിലെ വിരോധമാണ് ഇപ്പോഴുള്ള ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
