അറിയാൻ ശ്രമിക്കുംതോറും നിഗൂഢതകൾ ഒളിപ്പിച്ച് ഓരോ വിനോദസഞ്ചാരിയെയും കൂടുതൽ യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്ന ഒരു ഇടമാണ് തലസ്ഥാന നഗരിയായ തിരുവനന്തപുരം. അധികമാരും കടന്നുചെല്ലാത്ത ഒരുപാട് സാഹസിക വിനോദസഞ്ചാരകേന്ദ്രങ്ങളും തിരുവനന്തപുരത്തുണ്ട്. അധികം അറിയപ്പെടാത്ത എന്നാൽ സാഹസിക വിനോദസഞ്ചാരികൾക്ക് ഏറെ ഇഷ്ടം ആകുന്ന ഒരിടം പരിചയപ്പെടാം.

തിരുവനന്തപുരത്തുകാരിലും പാണ്ടിപ്പത്ത് എന്ന ടൂറിസം സ്പോട്ടിനെ പറ്റി കേട്ടിട്ടില്ലാത്തവർ ധാരാളം ഉണ്ടാവും. തിരുവനന്തപുരത്ത് ഇങ്ങനെയൊരു സ്ഥലമുണ്ടോ? ഉണ്ടെന്നേ… നിങ്ങളെ അടിമുടി വിസ്മയിപ്പിക്കുന്ന കിടിലൻ ഒരിടം. കാട്ടുപോത്തുകളുടെയും മറ്റ് വന്യജീവികളുടെയും ആവാസകേന്ദ്രമാണ് പാണ്ടിപ്പത്ത്. പേപ്പാറ വന്യജീവി സങ്കേതത്തിന് തൊട്ടടുത്താണ് ഈ സ്ഥലം ഉള്ളത്. വന്യജീവികളുടെ ആവാസ കേന്ദ്രം ആണെങ്കിലും ഇവിടെ മനുഷ്യവാസവും ഉണ്ട് കേട്ടോ. മനോഹരമായ പുൽമേടുകൾ നിറഞ്ഞ ഈ പ്രദേശം ട്രക്കിങ്ങിൻ്റെ അനന്തമായ സാധ്യതകൾ നൽകുന്നുണ്ട്.


