തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്നു ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കടലാക്രമണം രൂക്ഷം. ഇരുനൂറിലേറെ വീടുകളിൽ ഇന്നലെ പുലർച്ചെ മൂന്നോടെ വെള്ളം കയറി. വീട്ടുകാർ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. പല വീടുകളും കടലാക്രമണ ഭീഷണിയിലാണ്. ചിലയിടങ്ങളിൽ ഇന്നലെ രാവിലെ ഏഴരയോടെയും കടലാക്രമണം ഉണ്ടായി. ഉച്ചയോടെ തിരയടിയുടെ ശക്തി കുറഞ്ഞു. കടലാക്രമണത്തിൽ ജില്ലയിൽ 27 വീടുകൾ തകർന്നെന്നാണ് റവന്യു വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്. നാശനഷ്ടം തിട്ടപ്പെടുത്തി വരുന്നതായും മാറ്റിപ്പാർപ്പിക്കാൻ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
‘കള്ളക്കടൽ’: തീരനെഞ്ചിൽ കനലേറ്റം, കടലേറ്റം; കടലാക്രമണം രൂക്ഷം, ജനം ദുരിതത്തിൽ
കള്ളക്കടൽ: ഇരുനൂറിലേറെ വീടുകളിൽ പുലർച്ചെ വെള്ളം കയറി
കടൽവെള്ളത്തോടൊപ്പം മാലിന്യവും വീടുകൾക്കുള്ളിൽ അടിഞ്ഞു
തിരുവനന്തപുരം താലൂക്കിൽ 17 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
പല വീടുകളും തകർച്ചയുടെ വക്കിൽ
മുതലപ്പൊഴിയിലെ റെസ്ക്യു ബോട്ട് നാശത്തിന്റെ വക്കിൽ
തിരുവനന്തപുരം താലൂക്കിൽ പൂന്തുറ വാർഡിലെ ചേരിയാമുട്ടം,നെയ്യാറ്റിൻകര താലൂക്കിൽ കുളത്തൂർ വില്ലേജിലെ പൊഴിയൂർ,പൊയ്പ്പള്ളിവിളാകം, മുല്ലശേരി,പരുത്തിയൂർ,കൊല്ലിക്കോട് എന്നിവിടങ്ങളിലാണ് കടലാക്രമണം ഉണ്ടായത്. തിരുവനന്തപുരം താലൂക്കിൽ മാത്രം 17 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. നെയ്യാറ്റിൻകര താലൂക്കിൽ ആരെയും മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യം ഇല്ലെന്ന് റവന്യു വകുപ്പ് അറിയിച്ചു. ചിറയിൻകീഴ് താലൂക്കിൽ 10 വീടുകൾ കടലാക്രമണ ഭീഷണിയിലാണ്. വർക്കല താലൂക്കിൽ നിലവിൽ പ്രശ്നങ്ങളില്ലെന്ന് റവന്യു അധികൃതർ അറിയിച്ചു.

പൂന്തുറ ചേരിയാമുട്ടത്ത് 120 വീടുകളിലാണ് കടലാക്രമണമുണ്ടായത്. കടൽവെള്ളത്തോടൊപ്പം മാലിന്യവും വീടുകൾക്കുള്ളിൽ അടിഞ്ഞു. വസ്ത്രങ്ങളും വീട്ടുപകരണങ്ങളും നശിച്ചു. ചേരിയാമുട്ടത്തെ 17 കുടുംബങ്ങളിലെ 44 പേരെയാണ് മുട്ടത്തറയിലെ സൈക്ലോൺ താൽക്കാലിക ഷെൽട്ടറിലേക്ക് മാറ്റിപ്പാർപ്പിച്ചത്. ഇവിടെയുള്ള പലരും ബന്ധുവീടുകളിലേക്ക് ഇന്നലെ രാവിലെ തന്നെ മാറി.
കടലാക്രമണത്തെത്തുടർന്ന് മത്സ്യത്തൊഴിലാളികളിൽ പലരും ഇന്നലെ ജോലിക്കു പോയില്ല. ചേരിയാമുട്ടത്ത് ഇന്നലെ രാവിലെ തന്നെ കോർപറേഷൻ അധികൃതരെത്തി വീടുകൾക്കുള്ളിൽ അടിഞ്ഞ മാലിന്യങ്ങൾ നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും ശക്തമായ തിരയടിയെത്തുടർന്ന് കഴിഞ്ഞില്ല. കടലാക്രമണമുണ്ടായ പ്രദേശങ്ങളിൽ തഹസിൽദാർമാർ ഇന്നലെ രാവിലെ എത്തി വീട്ടുകാരെ മാറ്റിപ്പാർപ്പിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പൂന്തുറ ചേരിയാമുട്ടത്ത് വീടിനുള്ളിൽ കടൽവെള്ളം കയറിയതിനെത്തുടർന്ന് ശക്തമായ രക്തസമ്മർദം അനുഭവപ്പെട്ട അനീഷ് ജോസഫിനെ ആശുപത്രിയിലേക്കു മാറ്റി.
