വിഴിഞ്ഞം : സഹജീവി സ്നേഹത്തിന്റെ മാതൃകയാണ് ഈ കൂട്ടുകാർ. തങ്ങൾക്ക് കഴിയാവുന്ന രീതിയിൽ സഹായഹസ്തം നീട്ടി കൂട്ടുകാരനെ ഒപ്പം കൂട്ടുന്ന രണ്ട് ഉറ്റ സുഹൃത്തുക്കൾ, പി.ലിനീഷും ഷോൺ പ്രശാന്തും. വീൽചെയറിൽ ജീവിതം കഴിച്ചുകൂട്ടുന്ന പ്ലസ് വൺ വിദ്യാർഥി രാകേഷിന്റെ സഹായികളായി എപ്പോഴും ഇവർ കൂടെയുണ്ട്. വിഴിഞ്ഞം സെന്റ് മേരീസ് എച്ച്എസ്എസിലെ വിദ്യാർഥികളാണ് മൂവരും.
ഒന്നര കിലോമീറ്റർ ദൂരെയുള്ള സ്കൂൾ വരെ രാകേഷിനെ വീൽചെയറിൽ തള്ളിയെത്തിക്കുന്നത് മിക്കപ്പോഴും ഇവരാണ്. വിഴിഞ്ഞം മുക്കോല കുഴിപ്പള്ളം രാകേഷ് ഭവനിൽ സ്റ്റീഫൻ– ഷീല ദമ്പതിമാരുടെ മകനായ രാകേഷിന്റെ വീട്ടിലേക്ക് വാഹന സൗകര്യമില്ല. റോഡിൽ നിന്നു കുറേ ദൂരം വീതി കുറഞ്ഞ ഇടവഴിയിലൂടെ നടക്കണം. വീട്ടിലേക്കുള്ള മടക്ക യാത്രയിലും രാകേഷിന് കൂട്ട് ഇവർത്തന്നെ.
നോട്ട്ബുക്കുൾപ്പെടെ എടുത്തു നൽകാനും ഭക്ഷണം കഴിപ്പിക്കാനും പ്രാഥമിക കൃത്യ നിർവഹണത്തിന് കൊണ്ടു പോകാനും ഈ കൂട്ടുകാർ ഒപ്പമുണ്ടാകും. ‘തങ്ങളെ പോലെ ഓടിച്ചാടി വളരേണ്ട പ്രായമുള്ള കൂട്ടുകാരന്റെ മനസ്സിന് ഉണർവു നൽകുക, ഇത്രയേ കരുതുന്നുള്ളൂ’– ലിനീഷും ഷോണും പറഞ്ഞു.7 വയസ്സുവരെ സാധാരണ നിലയിലായിരുന്ന രാകേഷ് പിന്നീടാണ് രോഗാവസ്ഥയിലായത്. പരിമിതികൾക്കിടയിലും പത്താം ക്ലാസിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി രാകേഷ് വിജയിച്ചു. വീട്ടിലേക്ക് വാഹന സൗകര്യമുള്ള വഴി കിട്ടിയെങ്കിൽ എന്ന് ആഗ്രഹിക്കുകയാണ് രാകേഷിന്റെ കുടുംബം.
എങ്കിൽ ഓട്ടോഡ്രൈവറായ പിതാവ് സ്റ്റീഫന് മകനെ സൗകര്യപ്രദമായി പുറത്തേക്ക് കൊണ്ടു പോകാനാകുമായിരുന്നു. രാകേഷിന്റെ സഹോദരി എട്ടാം ക്ലാസുകാരി സ്റ്റെഫിന.വിഴിഞ്ഞം കോട്ടപ്പുറം പുതിയപള്ളിക്കു സമീപം കൃപാ ഭവനത്തിൽ പനിയടിമ–ഹെലൻ ദമ്പതിമാരുടെ രണ്ടാമത്തെ മകനാണ് ലിനീഷ്.വിഴിഞ്ഞം തെന്നൂർക്കോണം ഞാറവിള പുരയിടത്തിൽ പ്രശാന്ത്–സരിത ദമ്പതിമാരുടെ മൂത്തമകനാണ് ഷോൺ പ്രശാന്ത്. സ്കൂൾ പ്രിൻസിപ്പൽ സെറിൽ പെരേര ഉൾപ്പെടെ അധ്യാപകർ സഹപാഠികളുടെ സ്നേഹത്തിൽ സന്തുഷ്ടരാണ്.
