തിരുവനന്തപുരം : കല്ലറ മരുതമൺ ജംക്ഷനു സമീപം ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽനിന്നു സ്ത്രീ തെറിച്ചു വീണു. യാത്രക്കാരിയായ പാലോട് സ്വദേശി ഷൈലജ (52)യാണ് തെറിച്ചു വീണത്. കല്ലറയിൽനിന്ന് പാലോട് ഭാഗത്തേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു അപകടം. താടിയെല്ലിന് പരുക്കേറ്റ ഷൈലജയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു.
ഷൈലജ ബസിൽ അടുത്ത സീറ്റിലേക്ക് മാറി ഇരിക്കാൻ ശ്രമിക്കവേയായിരുന്നു സംഭവം. വളവ് തിരിഞ്ഞ ബസിൽനിന്നും പിടിവിട്ട ഷൈലജ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഡോർ തുറന്നിരുന്നതാണ് വീഴാൻ കാരണമെന്നാണ് റിപ്പോർട്ട്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. യാത്രക്കാരി തെറിച്ചുവീണതോടെ ബസ് നിര്‍ത്തി. കണ്ടക്ടറും മറ്റു യാത്രക്കാരും സമീപത്തുള്ള കടകളില്‍ നിന്നവരും സ്ഥലത്തേക്ക് ഓടിയെത്തി. ഇവരാണ് ഷൈലജയെ ആശുപത്രിയിലെത്തിച്ചത്.
