കല്ലറ : കാലവർഷമെത്തിയിട്ടും മലയോര മേഖലയിൽ മഴക്കാലപൂർവ ശുചീകരണം തുടങ്ങിയില്ല. കുളങ്ങളും തോടുകളുമെല്ലാം പുല്ലും കാടും വളർന്ന് മാലിന്യങ്ങൾ അടിഞ്ഞുകൂടിക്കിടക്കുന്ന നിലയിലാണ്. മഴ തുടങ്ങുന്നതോടെ മാലിന്യങ്ങളിൽനിന്ന് രോഗാണുവ്യാപനമുണ്ടാകുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. മാലിന്യം കെട്ടിക്കിടക്കുന്നത് പല മേഖലകളിലും വെള്ളപ്പൊക്കമുൾപ്പെടെയുള്ള പ്രശ്നങ്ങൾക്കും ഇടയാക്കും.
ശുചീകരണപ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നിട്ട് മാസങ്ങളായി. എന്നാൽ, ശുചീകരണം ഇനിയും എങ്ങുമെത്തിയിട്ടില്ല. തോടുകളിൽ കാടുമൂടിയതുനിമിത്തം വെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. കല്ലറ, പാങ്ങോട് പഞ്ചായത്തുകളിൽ ഇത്തരത്തിൽ നിരവധി തോടുകളും കുളങ്ങളുമുണ്ട്. ഇവ ശുചീകരിക്കുകയോ അനുബന്ധപ്രവർത്തനങ്ങൾ നടത്തുകയോ ചെയ്തിട്ടില്ല.
മുൻവർഷങ്ങളിൽ മഴക്കാലത്തിനുമുൻപ് തൊഴിലുറപ്പു തൊഴിലാളികളെ ഉപയോഗിച്ച് ജലാശയങ്ങളും തോടുകളും ശുചീകരിക്കുമായിരുന്നു. നീരൊഴുക്കുള്ളപ്പോൾ നൂറുകണക്കിനാളുകൾ നിത്യവും ഉപയോഗിക്കുന്ന മരുതമൺതോടും അതിനോടനുബന്ധിച്ചുള്ള നടവഴിയും കാടുമൂടി ഇഴജന്തുകളുടെ താവളമായി. തണ്ണിയത്തുനിന്നാംരംഭിക്കുന്ന മരുതമൺ തോട് മുണ്ടോണിക്കരയിലെത്തുമ്പോൾ മറ്റൊരു തോടുമായി യോജിക്കും. പിന്നീട് വാമനപുരം ആറ്റിൽ ചേരും. ഇപ്പോൾ ഈ തോട്ടിൽ നീരൊഴുക്കില്ല. വെള്ളം ഒഴുകിപ്പോകാൻ പറ്റാത്തവിധം കാടുമൂടിക്കഴിഞ്ഞു.
കാടുമൂടിയതിനാൽ തോടേത് വഴിയേത് എന്ന് അറിയാൻപറ്റാത്ത സാഹചര്യമാണ്. സ്കൂൾ തുറന്നാൽ നൂറുകണക്കിനു കുട്ടികൾ ഇതുവഴി കടന്നുപോകും.കാടുമൂടിക്കിടക്കുന്ന ഇവിടെ ഇഴജന്തുക്കളുടെ ശല്യമുണ്ട്. ഏതാനും മാസം മുൻപ് കല്ലറ പഞ്ചായത്തിലും പാങ്ങോട് പഞ്ചായത്തിലും ജലജന്യരോഗങ്ങൾ പകരുകയും മരണം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
ശുചീകരണപ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. പാങ്ങോട് പഞ്ചായത്തിലെ വിവിധ ജലസ്രോതസ്സുകളിൽ ഇതുവരെയും പ്രാരംഭപ്രവർത്തനങ്ങൾപോലും നടത്താത്തതിൽ പ്രദേശവാസികൾക്ക് കടുത്ത അമർഷമുണ്ട്.ജലാശയങ്ങൾ രോഗവാഹകരാകുമെന്ന് ആശങ്ക പകർച്ചവ്യാധിക്കിടയാക്കുംമഴക്കാലത്തിനുമുൻപ് ശുചീകരണപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തിയില്ലെങ്കിൽ പകർച്ചവ്യാധികൾക്കിടയാക്കും. ജലജന്യരോഗങ്ങളും കൊതുകുകൾ പരത്തുന്ന രോഗങ്ങളും പടരാൻ സാധ്യത ഏറെയാണ്. എലിപ്പനി, അമീബിക് മസ്തിഷ്കജ്വരം എന്നിവയെയും ഭയപ്പെടേണ്ടതുണ്ട്. വീടുകളും പരിസരവും ശുചിയായി സൂക്ഷിക്കണം. പൊതുവിടങ്ങളുടെ ശുചീകരണം ബന്ധപ്പെട്ട അധികൃതർ കാര്യക്ഷമമായി നടത്തണം.പൊതുവിടങ്ങൾ ശുചീകരിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും അടിയന്തര നടപടി സ്വീകരിക്കണം. രോഗങ്ങൾ പടർന്നുപിടിച്ചതിനുശേഷം പ്രതിരോധ നടപടികളുമായി രംഗത്തിറങ്ങുന്ന രീതി മാറ്റണം.
