തിരുവനന്തപുരം ∙ വിഴിഞ്ഞം – നാവായിക്കുളം ഔട്ടർ റിങ് റോഡിനു വേണ്ടി ഭൂമി വിട്ടുകൊടുത്തവർക്കുള്ള നഷ്ടപരിഹാര വിതരണം ഈ മാസം തുടങ്ങിയേക്കും. പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിയിൽ കെട്ടിടം ഉൾപ്പെടെയുള്ള നിർമിതികൾ ഇല്ലാത്തവർക്കാകും ആദ്യഘട്ടത്തിൽ നഷ്ടപരിഹാരം ലഭിക്കുക. നിർമിതികൾക്കു കാലപ്പഴക്കം പരിഗണിച്ചു നഷ്ടപരിഹാരം കുറയ്ക്കുന്നതിനുള്ള വിവരശേഖരണം 31നു മുൻപു പൂർത്തിയാക്കാനും ദേശീയപാത അതോറിറ്റി നിർദേശം നൽകി. നേരത്തെ പ്രസിദ്ധീകരിച്ച ഭൂമി ഏറ്റെടുക്കലിന്റെ അവസാനഘട്ട വിജ്ഞാപനത്തിൽ (3ഡി) ഉൾപ്പെട്ട 100 ഹെക്ടർ ഭൂമിയുടെ ഉടമകൾക്കാണ് നഷ്ടപരിഹാര വിതരണം തുടങ്ങുന്നത്.
നൂറോളം പേരുടെ പട്ടികയാണ് ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്ന വിഭാഗം ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർക്കു സമർപ്പിച്ചത്. ഈ പട്ടിക റീജനൽ ഓഫിസർ പരിശോധിച്ച് അംഗീകാരം നൽകിയാൽ ദേശീയപാത അതോറിറ്റിക്കു കൈമാറി നഷ്ടപരിഹാര വിതരണത്തിനുള്ള നടപടികൾ തുടങ്ങും.കെട്ടിടങ്ങൾക്കും മറ്റു നിർമിതികൾക്കും കാലപ്പഴക്കം പരിഗണിച്ച് നഷ്ടപരിഹാരത്തിൽ കുറവു വരുത്തും. അതിനുള്ള പരിശോധനകൾ 25നു മുൻപു പൂർത്തിയാക്കി പൊതുമരാമത്ത് വകുപ്പിനു നൽകാനും വകുപ്പിന്റെ അന്തിമ റിപ്പോർട്ട് 31ന് മുൻപു ദേശീയപാത ഭൂമി ഏറ്റെടുക്കൽ വിഭാഗത്തിനു കൈമാറാനും കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ നിർദേശം നൽകി.
വെങ്ങാനൂർ, പള്ളിച്ചൽ, ബാലരാമപുരം വില്ലേജുകളിൽ നിന്നു മാത്രമാണ് ഇതുവരെ കെട്ടിടങ്ങളുടെ മൂല്യനിർണയ റിപ്പോർട്ട് ഭാഗികമായെങ്കിലും ലഭിച്ചിട്ടുള്ളത്. 31ന് മുൻപ് പട്ടിക ഔട്ടർ റിങ് റോഡിനായുള്ള സ്പെഷൽ ഓഫിസിനു കൈമാറുമെന്ന് അധികൃതർ അറിയിച്ചു.നേരത്തെ തന്നെ ഭൂരിഭാഗം പേരുടെയും അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചെങ്കിലും അതിൽ സംശയമുള്ളവ ഉടമകൾക്കു നോട്ടിസ് നൽകി കൃത്യമാക്കിയ ശേഷമാണ് ദേശീയപാത അതോറിറ്റിക്കു കൈമാറുന്നത്. നിലവിലെ 3ഡി വിജ്ഞാപനത്തിൽ ഉൾപ്പെട്ടവർക്കെല്ലാം മാർച്ച് 31 ന് മുൻപ് നഷ്ടപരിഹാരം വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. 50 ശതമാനം ഭൂമി ഏറ്റെടുത്തു കഴിഞ്ഞാൽ ടെൻഡർ നടപടികളിലേക്കു ദേശീയപാത അതോറിറ്റി കടക്കും.
