പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കുളത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കി വരുന്ന വയോമിത്രം പദ്ധതിയുടെ ഭാഗമായി വയോജന സംഗമം സംഘടിപ്പിച്ചു. വലിയവിള ക്രിസ്തുരാജ പാരിഷ് ഹാളില്‍ നടന്ന പരിപാടി നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ പി.കെ. രാജ്‌മോഹനന്‍ ഉദ്ഘാടനം ചെയ്തു.
മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കേണ്ട ചുമതല മക്കള്‍ക്കാണെന്ന് കോടതികള്‍ ഉത്തരവിട്ടു തീര്‍പ്പാക്കേണ്ട കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വയോജന സംരക്ഷണത്തിനായി ഒരുപാട് നിയമങ്ങളുണ്ടെന്നും പാലിയേറ്റീവ് രംഗത്ത് വന്‍ മാറ്റങ്ങളാണ് സംസ്ഥാനത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ ആരോഗ്യ മേഖലയിലെ പുരോഗതി സഹായകരമായതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ. ബെന്‍ഡാര്‍വിന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കുളത്തൂര്‍ പഞ്ചായത്തിലെ വയോമിത്രം യൂണിറ്റുകളിലെ മുതിര്‍ന്ന പൗരന്മാരെ ചടങ്ങില്‍ ആദരിച്ചു.
പാറശാല ബ്ലോക്ക് പഞ്ചായത്തിലേയും കുളത്തൂര്‍ ഗ്രാമ പഞ്ചായത്തിലേയും ജനപ്രതിനിധികളും വയോജനങ്ങളും ചടങ്ങില്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ വയോധികര്‍ക്ക് സൗജന്യമായി വൈദ്യപരിശോധന നടത്തി മരുന്നുകള്‍ നല്‍കി.
