അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച് ആശ വർക്കർമാർ
ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ 11 ദിവസമായി സമരം നടത്തുന്ന കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. ഇന്നലെ നടന്ന മഹാസംഗമത്തിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദനാണ് പണിമുടക്ക് പ്രഖ്യാപനം നടത്തിയത്.
സമരത്തിൽ പങ്കെടുത്ത ആശ വർക്കർമാരോട് മെഡിക്കൽ ഓഫിസർമാർക്ക് പണിമുടക്ക് നോട്ടിസ് നൽകാനും അതിനുശേഷം തിരികെ സമരസ്ഥലത്തെത്തി പണിമുടക്കിൽ പങ്കെടുക്കാനും നിർദേശിച്ചതായി ഭാരവാഹികൾ പറഞ്ഞു. സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയാറാകാത്തതിന് എതിരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചതെന്നും വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
