പെൺകുട്ടിയുടെ ആത്മഹത്യ; യുവാവ് അറസ്റ്റിൽ.
പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ നാവായിക്കുളം പത്മവിലാസത്തിൽ അഭിജിത്ത്(29) അറസ്റ്റിൽ. പ്രാഥമിക പരിശോധനയിൽ കുട്ടി ശാരീരികമായി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പൊലീസ് നടത്തിയ പരിശോധനയിൽ പെൺകുട്ടിയുടെ മുറിയിൽനിന്ന് കുറിപ്പ് കണ്ടെത്തിയിരുന്നു. ‘എന്റെ ജീവൻ ഞാൻ തന്നെ നശിപ്പിക്കുകയാണ്’ എന്നാണ് കുറിപ്പിലുണ്ടായിരുന്നത്. തുടർന്ന് പെൺകുട്ടിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതോടെ പ്രതി അഭിജിത്തിനെ കുറിച്ചുള്ള വിവരം ലഭിച്ചു.
ആറ്റിങ്ങലിലെ ബൈക്ക് ഷോറൂമിൽ സൂപ്പർവൈസറായ പ്രതി പെൺകുട്ടിയുമായി അടുപ്പമുള്ള കാര്യവും പീഡന വിവരവും സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ബുധൻ ഉച്ചയ്ക്ക് ഒന്നരയോടെയാണ് പെൺകുട്ടി മുറിയിൽ കയറി വാതിൽ അടച്ചത്. പുറത്തേക്ക് വരാതിരുന്നതോടെ മുത്തശ്ശി വാതിലിൽ തട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് സമീപവാസികളെത്തി ജനൽ പൊളിച്ച് പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ കല്ലമ്പലം പൊലീസിനെ അറിയിച്ചു.
