ആരോഗ്യവകുപ്പിലെ ഗുരുതരമായ മാനഭവിശേഷിക്കുറവ് പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാത്തതിലും, ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഡോക്ടർമാർക്കെതിരെയുള്ള പ്രതികാര മനോഭാവത്തോടുകൂടിയുള്ള അച്ചടക്ക നടപടികളിലും പ്രതിഷേധിച്ച് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേർസ് അസോസിയേഷൻ ഈ വരുന്ന മാർച്ച് 18 ന് ഒരു പ്രതിഷേധധർണ സംഘടിപ്പിക്കുന്നു. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന് മുന്നിൽ രാവിലെ 11 മണി മുതൽ ഒരു മണി വരെയാണ് ധർണ്ണ സംഘടിപ്പിക്കുക.
ആരോഗ്യവകുപ്പിൽ ഡോക്ടർമാരുടെ അഞ്ഞൂറോളം ഒഴിവുകൾ നിലനിൽക്കുന്ന സാഹചര്യത്തിലും ഈ ഒഴിവുകൾ നികത്താൻ വേണ്ട നടപടികൾ ഒന്നും തന്നെ സ്വീകരിക്കുന്നില്ല. ഇതുമൂലം സർക്കാർ സർവീസിലെ ഡോക്ടർമാർക്കുമേൽ അമിത ജോലിഭാരം അടിച്ചേൽപ്പിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വി ഐ പി ഡ്യൂട്ടികളിൽനിന്ന് വിട്ടുനിന്നതിന്റെ പേരിൽ ഡോക്ടർമാർക്കെതിരെ പ്രതികാരമനോ ഭാവത്തോടുകൂടിയുള്ള അച്ചടക്ക നടപടികൾ ആരംഭിച്ചിരിക്കുകയാണ്. സംഘടനയുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് വി ഐ പി ഡ്യൂട്ടിക്കുള്ള മാനദണ്ഡങ്ങളിൽ കൂടുതൽ വ്യക്തത വരുത്തി പുതിയൊരു സർക്കുലർ ബഹുമാനപ്പെട്ട ചീഫ് സെക്രട്ടറി പുറപ്പെടുവിച്ചതിനു ശേഷവും ഇത്തരം ശിക്ഷാ നടപടികളുമായി മുന്നോട്ടു പോകുന്നത് തികച്ചും അപലപനീയമാണ്
ഏപ്രിൽ മാസത്തിൽ പൂർത്തീകരിക്കേണ്ട പൊതു സ്ഥലംമാറ്റ നടപടിക്രമങ്ങൾ നാളിതുവരെ ആരംഭിച്ചിട്ടില്ല.
മാത്രവുമല്ല ഡോക്ടർമാരുടെ വിവിധ സർവീസ് വിഷയങ്ങളിൽ ന്യായീകരിക്കാനാവാത്ത കാലതാമസവും പതിവായിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ പ്രത്യക്ഷസമരരംഗത്തേക്ക് ഇറങ്ങാൻ സംഘടന നിർബന്ധിതമായിരിക്കുകയാണ്. ഉന്നയിക്കുന്ന വിഷയങ്ങളിൽ സമയബന്ധിതമായ പരിഹാരം ഉണ്ടാവുന്നില്ലെങ്കിൽ കൂടുതൽ കടുത്ത സമരമാർഗ്ഗങ്ങളുമായി മുന്നോട്ടുപോകാൻ സംഘടന തീരുമാനിച്ചിരിക്കുന്നു.
