വട്ടിയൂര്‍ക്കാവ്: വാട്ടര്‍ ടാങ്കര്‍ ലേറി ഇടിച്ച് ബൈക്ക് യാത്രികന് തല്‍ക്ഷണം മരണപ്പെട്ടു. വട്ടിയൂര്‍ക്കാവ് കാഞ്ഞിരംപാറ വാര്‍ഡില്‍ വി.കെ.പി നഗര്‍ 112-ാം നമ്പര്‍ വീട്ടില്‍ ഭസ്ക്കരന്റെ മകന് പ്രഭാകരന് (60) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.45 ഓടുകൂടി മരുതന്‍കുഴിയില്‍ നിന്നും വേട്ടമുക്കിലേയ്ക്ക് പോകുന്ന വഴി ചിറ്റാറ്റിന്‍കരയില്‍ വച്ചായിരുന്നു അപകടം. പ്രഭാകരന് ഓടിച്ചിരുന്ന ബുളളറ്റില്‍ വാട്ടര്‍ ടാങ്കര്‍ ലേറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രഭാകരന് സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നതായി പൊലീസ് പറഞ്ഞു. അപകടത്തില്‍പ്പെട്ട ബൈക്കും ടാങ്കര്‍ ലേറിയും ഒരേ ദിശയിലായിരുന്നു സഞ്ചരിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ വിഴിഞ്ഞം സ്വദേശി ഷിജുവിനെ വട്ടിയൂര്‍ക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ: സുജാത. മക്കള്‍: അച്ചു , കാര്‍ത്തിക. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
