ആറുപേർക്ക് വനിതാരത്ന പുരസ്കാരം: പുരസ്കാരസമർപ്പണം ഇന്ന് തിരുവനന്തപുരത്ത്
ആറു പേർക്ക് സംസ്ഥാന സർക്കാരിന്റെ വനിതാരത്ന പുരസ്കാരം. വയനാട്ടിലെ ആദിവാസി വിഭാഗത്തിലെ അവിവാഹിതരായ അമ്മമാരുടെ പ്രശ്നം പുറംലോകത്തെ അറിയിച്ചതുൾപ്പെടെ സാമൂഹിക ഇടപെടലുകൾ നടത്തിയ വനിതാ കമ്മിഷൻ മുൻ അംഗം കോഴിക്കോട് കല്ലായി സുജാലയത്തിൽ ടി.ദേവി, മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റുകളിൽ ഒട്ടേറെ ദേശീയ, രാജ്യാന്തര നേട്ടങ്ങൾ കൈവരിച്ച ചേർത്തല വാരനാട് തെക്കേവെളിയിൽ കെ.വാസന്തി, 2017ൽ അപകടത്തിൽ നട്ടെല്ലിനു ഗുരുതര പരുക്കേറ്റതിനെ തുടർന്ന് 22–ാം വയസ്സിൽ ഭർത്താവ് ഉപേക്ഷിച്ചു പോയതുൾപ്പെടെ പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ച് സിവിൽ സർവീസ് പരീക്ഷയിൽ വിജയിയായ വയനാട് മുട്ടിൽ നോർത്ത് കല്ലിങ്ങൽ ഷെറിൻ ഷഹാന, യൂണിഫോം ഏകീകരണവും ഒന്നിച്ചുള്ള പരിശീലനവും പൊലീസ് വാഹനത്തിലെ ഡ്രൈവർ ജോലിയും ഉൾപ്പെടെ 33 വർഷം ജോലി ചെയ്ത പൊലീസ് സേനയിലും സമൂഹത്തിലും ലിംഗനീതി നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന വയനാട് മാടക്കര കേദാരത്തിൽ എ.എൻ.വിനയ, യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ കമ്മിഷൻ ഫോർ ദ് സ്റ്റഡി ഓഫ് എത്തിക്കൽ ഇഷ്യു അംഗവും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച് മുൻ ഡപ്യൂട്ടി ഡയറക്ടർ ജനറലുമായിരുന്ന തിരുവനന്തപുരം സി.എസ്.റോഡ് സീമെക്സ് സെന്റർ ഡോ.നന്ദിനി കെ.കുമാർ, കമ്യൂണിസ്റ്റ് വിപ്ലവ ഗാനങ്ങളിലൂടെ ശ്രദ്ധേയയായ സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹിക പ്രവർത്തകയുമായ ആലപ്പുഴ മണ്ണാച്ചേരി മടത്തിക്കാട് പി.കെ.മേദിനി എന്നിവർക്കാണ് പുരസ്കാരം.ഇന്നു വൈകിട്ട് 5ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ രാജ്യാന്തര വനിതാ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിൽ മന്ത്രി വീണാ ജോർജ് പുരസ്കാരങ്ങൾ വിതരണം ചെയ്യും.
