തേനീച്ച ബോംബ്’: കൂടിളകിയത് ബോംബ് ഭീഷണിയെ തുടർന്നുള്ള പരിശോധനയ്ക്കിടെ.
ബോംബ് ഭീഷണിയെത്തുടർന്നു പരിശോധനയ്ക്കായി സിവിൽ സ്റ്റേഷനു പുറത്തിറക്കിയ ഉദ്യോഗസ്ഥർക്കും അവിടെയെത്തിയ ജനങ്ങൾക്കും മാധ്യമപ്രവർത്തകർക്കുമടക്കം ഇരുനൂറിലേറെ പേർക്ക് തേനീച്ചകളുടെ കുത്തേറ്റു. ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നതിനിടെ തേനീച്ചക്കൂട് ഇളകിയതിനെ തുടർന്നാണിത്. റവന്യു വകുപ്പിലെ വനിതാ ടൈപ്പിസ്റ്റ് വിചിത്ര (35), ഓഫിസ് അസിസ്റ്റന്റ് സജികുമാർ (52), ജയരാജ് (42), ഷീബ (38), പ്രിയദർശൻ (31), സുമേഷ് (35), സാന്ദ്ര (26), ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഡപ്യൂട്ടി ചീഫ് ന്യൂസ് ഫൊട്ടോഗ്രഫർ ബി.പി.ദീപു എന്നിവർ ദേഹമാസകലം കുത്തേറ്റു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സബ് കലക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർക്കും കുത്തേറ്റു.
കലക്ടർ അനുകുമാരി ഉൾപ്പെടെയുള്ളവർ കാറിൽ കയറിയാണ് രക്ഷപ്പെട്ടത്. മലയാള മനോരമ ചീഫ് ഫൊട്ടോഗ്രഫർ റിങ്കുരാജ് മട്ടാഞ്ചേരിയിൽ, മനോരമ ന്യൂസ് റിപ്പോർട്ടർ ശ്യാം കാങ്കാലിൽ, ഡ്രൈവർ ഹരിദർശൻ എന്നിവരടക്കം മാധ്യമപ്രവർത്തകർക്കും 5 പൊലീസുകാർക്കും 2 ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കും കുത്തേറ്റു.
പേരൂർക്കട ജില്ലാ ആശുപത്രിയിൽ മാത്രം 79 പേരാണ് ചികിത്സയിലുള്ളത്. ഉച്ചയ്ക്കു ശേഷം മൂന്നോടെയായിരുന്നു സംഭവം. ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥർ ഉൾപ്പെടെ പലരും ഹെൽമറ്റ് ധരിച്ച് രക്ഷാമാർഗം തേടി ഓടിയപ്പോൾ വനിതാ ജീവനക്കാർ ഷാളും സാരിയും ഉപയോഗിച്ചും മറ്റു ചിലർ ചാക്കും ഹാർഡ് ബോർഡും കൊണ്ടും മുഖംമറച്ച് ഓടി. ചിലർ കെട്ടിടത്തിൽ കുടുങ്ങി. മറ്റു ചിലർ കാറിനുള്ളിൽ അടച്ചിരുന്നു.
