കൂട്ടക്കൊലയുടെ വിവരം അറിയിച്ചു; നടുക്കത്തിനിടെ അഹ്സാനെയും ഫർസാനയെയും ക്രൂരമായി കൊലപ്പെടുത്തി’
ബന്ധുക്കളെ കൊലപ്പെടുത്തിയ വിവരം അറിയിച്ച ശേഷമാണ് ഇളയ സഹോദരൻ അഹ്സാനെ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചു കൊന്നതെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ മൊഴി. സുഹൃത്ത് ഫർസാനയോടും ഇക്കാര്യം പറഞ്ഞിരുന്നുവെന്ന വിവരം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കൊല നടത്തിയ രീതി കേട്ടപ്പോഴുണ്ടായ നടുക്കത്തിനിടെയാണ് അഹ്സാനെയും ഫർസാനയെയും അതിക്രൂരമായി കൊലപ്പെടുത്തിയതെന്ന് വെഞ്ഞാറമൂട് പൊലീസിനു നൽകിയ മൊഴിയിൽ പറഞ്ഞതായാണ് വിവരം.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പേരുമലയിലെ സ്വന്തം വീട്ടിൽവച്ചാണ് മാതാവ് ഷെമിയെ ആക്രമിച്ചത്. തുടർന്ന്, വെഞ്ഞാറമൂട് ജംക്ഷനിലെ ഹാർഡ്വെയർ കടയിൽ നിന്ന് 350 രൂപയ്ക്ക് ഇരുമ്പ് ചുറ്റികയും സമീപത്തെ കടയിൽനിന്ന് ബാഗും വാങ്ങി. നാഗരുകുഴി ജംക്ഷനിലെ കടയിൽനിന്ന് സിഗരറ്റും മറ്റൊരു കടയിൽനിന്ന് എലിവിഷവും വാങ്ങി.
ബൈക്കിൽ പാങ്ങോടുള്ള പിതൃമാതാവ് സൽമാ ബീവിയുടെ വീട്ടിലെത്തി. വാക്കുതർക്കത്തിനിടെ മാല പൊട്ടിച്ചെടുത്ത ശേഷം തലയ്ക്കടിച്ചു കൊലപ്പെടുത്തി. പിതൃസഹോദരൻ അബ്ദുൽ ലത്തീഫിന്റെ വീട്ടിലെത്തിയപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ സജിത ബീഗമാണു വാതിൽ തുറന്നത്. ഇൗ സമയം ലത്തീഫ് ഹാളിലെ സോഫയിലിരിക്കുകയായിരുന്നു സംസാരത്തിനിടെ ലത്തീഫിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു. ഞരക്കം കേട്ട് എത്തിയ സജിതയെയും ആക്രമിച്ചു.
സ്വർണം പണയംവയ്ക്കുന്ന സ്ഥാപനത്തിലെത്തി 75,000 രൂപ വാങ്ങി. വൈകിട്ട് മാല എത്തിക്കാമെന്നും ഉറപ്പും നൽകി. കുറച്ചു പണം ബാങ്കിലെ കാഷ് ഡിപ്പോസിറ്റ് മെഷീനിൽ നിക്ഷേപിച്ചു. തുടർന്ന് ഫർസാനയെ ഫോണിൽ വിളിച്ച് വീട്ടിലേക്കു വരാൻ ആവശ്യപ്പെട്ടു. ബൈക്കിലെത്തി ഫർസാനയെ കൂട്ടി വീട്ടിലേക്കെത്തി. ഒന്നാംനിലയിലെത്തിച്ച് കൊലപാതക വിവരം ഫർസാനയോട് പറഞ്ഞു. കൊലനടത്തിയ സാഹചര്യത്തിൽ നമുക്ക് എങ്ങനെ ജീവിക്കാനാകുമെന്ന് ഫർസാന ചോദിച്ചു. പിന്നാലെ, തലയിൽ കൈവച്ച് കസേരയിലിരുന്ന ഫർസാനയുടെ നെറ്റിയിൽ ചുറ്റിക കൊണ്ട് ആഞ്ഞടിച്ചു.
സ്കൂൾവിട്ട് സഹോദരൻ അഹ്സാനെത്തിയപ്പോൾ വെഞ്ഞാറമൂട്ടിൽ പോയി കുഴിമന്തി വാങ്ങിവരാൻ ആവശ്യപ്പെട്ടു. ഇതിനായി ഓട്ടോ ഏർപ്പാടാക്കി. മടങ്ങിയെത്തിയ അഹ്സാനോട്, കൊലപാതകങ്ങൾ നടത്തിയ വിവരം വീടിന്റെ മുൻവശത്തെ വാതിൽപ്പടിയിൽ വച്ചു പറഞ്ഞു. നിലവിളിച്ച അഹ്സാനെ അവിടെ വച്ച് ആക്രമിച്ചു. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം കൈവശമുണ്ടായിരുന്ന നോട്ടുകൾ അഹ്സാന്റെ ശരീരത്തിലേക്കു വലിച്ചെറിഞ്ഞു. ശുചിമുറിയിലെത്തി കുളിച്ച് വസ്ത്രം മാറി പുറത്തിറങ്ങി ബൈക്കിൽ കയറാൻ ശ്രമിച്ചെങ്കിലും, മദ്യപിച്ചിരുന്നതിനാൽ സ്റ്റാർട്ട് ചെയ്യാൻ കഴിഞ്ഞില്ല. തുടർന്ന് ഓട്ടോയിൽ വെഞ്ഞാറമൂട് സ്റ്റേഷനിലെത്തുകയായിരുന്നെന്നും പൊലീസിനു നൽകിയ മൊഴിയിൽ അഫാൻ പറഞ്ഞു.
YOU MAY LIKE
