അയിരൂർ ജംക്ഷനിൽ ഒരു കാത്തിരിപ്പ് കേന്ദ്രം; യാത്രക്കാർ കാത്തിരിക്കുന്നു, കാത്തിരിപ്പ് കേന്ദ്രത്തിനായി
ആൾത്തിരക്കേറെയുള്ള അയിരൂർ ജംക്ഷനിൽ ആകെയുള്ളത് ഒരൊറ്റ ബസ് കാത്തിരിപ്പ് കേന്ദ്രം. യാത്രക്കാർ വീതി കുറഞ്ഞ റോഡരികിൽ അല്ലെങ്കിൽ സമീപത്തെ കടകളുടെ വരാന്തയിൽ നിൽക്കേണ്ട സ്ഥിതി. വർക്കല-പാരിപ്പള്ളി റോഡിലെ പ്രധാന ജംക്ഷനാണ് അയിരൂർ. ഊന്നിന്മൂട്, കരുനിലക്കോട്, പാരിപ്പള്ളി ഭാഗത്തേക്കു പോകുന്ന റോഡുകളും സന്ധിക്കുന്നത് ഇവിടെയാണ്. ഇതിൽ പാരിപ്പള്ളി ഭാഗത്തേക്ക് പോകുന്ന റോഡിൽ മാത്രമാണ് കാത്തിരിപ്പു കേന്ദ്രമുള്ളത്. എന്നാൽ പാരിപ്പള്ളിയിൽ നിന്നു വർക്കല ഭാഗത്തേക്കു വരുന്ന ബസ് ജംക്ഷനിൽ നിർത്തിയാണ് യാത്രക്കാരെ കയറ്റി ഇറക്കുന്നത്. റോഡ് മധ്യത്തിൽ തന്നെ ബസ് നിർത്തുന്നത് കാരണം ഗതാഗതക്കുരുക്കും അപകടസാധ്യതയും കൂടുതലാണ്.
വർക്കലയിൽ നിന്ന് ഊന്നിന്മൂട് ഭാഗത്തേക്കു പോകുന്ന ബസുകൾ നിർത്തുന്നത് റോഡിന്റെ ഇറക്കത്തിലാണ്.ജംക്ഷനിൽ ബസുകൾ നിർത്തിയിടുന്നതിനാൽ ഊന്നിന്മൂട് ഭാഗത്തു നിന്ന് കയറിവരുന്ന വലിയ വാഹനങ്ങൾക്കു സുഗമമായി മുന്നോട്ടു നീങ്ങാനാവില്ല. സ്ഥലപരിമിതി കാരണം യാത്രക്കാർക്ക് റോഡ് അരികിൽ പോലും നിൽക്കാനാവാതെ അടുത്തുള്ള കടകളുടെ മുന്നിൽ നിരന്നു നിൽക്കണം. പാരിപ്പള്ളി റോഡ് വികസനം വന്നെങ്കിലും അയിരൂർ ജംക്ഷനിൽ മാറ്റങ്ങളൊന്നും ഉണ്ടായില്ല.
