കോടതി മുറ്റത്തു നിർവികാരഭാവത്തോടെ അഫാൻ
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനുമായി ഇന്നു പാങ്ങോട് പൊലീസ് തെളിവെടുപ്പു നടത്തും. പിതൃമാതാവ് സൽമാബീവിയെ കൊലപ്പെടുത്തിയ കേസിൽ ചോദ്യം ചെയ്യുന്നതിനാണു മൂന്നുദിവസത്തേക്കു കസ്റ്റഡിയിൽ ലഭിച്ചത്. പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് ഇന്നലെ ഉച്ചയോടെ പാങ്ങോട് സ്റ്റേഷനിലെത്തിച്ച് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു.
അഫാൻ നടത്തിയ ആദ്യ കൊലപാതകം സൽമാബീവിയുടേതായിരുന്നു. ഇവരുടെ കഴുത്തിൽനിന്നു മാലയും മോഷ്ടിച്ചു. വീട്ടിലെത്തി തെളിവെടുത്തശേഷം, മാല പണയംവച്ച സ്ഥാപനത്തിലും തെളിവെടുപ്പുണ്ടായേക്കും. ആൾക്കൂട്ടമുണ്ടാകാൻ സാധ്യതയുള്ളതിനാൽ കനത്ത സുരക്ഷയൊരുക്കും. മറ്റു കേസുകളിൽ വെഞ്ഞാറമൂട് പൊലീസ് ഇന്നു കസ്റ്റഡി അപേക്ഷ നൽകും.
ഇന്നലത്തെ ചോദ്യം ചെയ്യലിൽ, കൊലപാതകങ്ങൾ താൻ തന്നെയാണ് ചെയ്തതെന്ന് സമ്മതിച്ച അഫാൻ കൊലപാതക പരമ്പരയിലേക്കു നയിച്ചത് കടബാധ്യതയെന്ന മൊഴി ആവർത്തിച്ചുവെന്നാണ് പൊലീസ് പറയുന്നത്. കുടുംബം കടബാധ്യതയിൽ മുങ്ങി നിൽക്കുമ്പോൾ പിതൃമാതാവിനോടു സാമ്പത്തിക സഹായം ആവശ്യപ്പെട്ടുവെങ്കിലും ലഭിച്ചില്ല. ഇവരുടെ കൈവശം രണ്ട് സ്വർണമാലകൾ ഉണ്ടായിരുന്നുവെന്നും പിന്നീട് ഒരു മാല കാണാതായെന്നും അഫാൻ പറഞ്ഞു. ബന്ധുവായ മറ്റൊരാൾക്കു മാല കൊടുത്തെന്നു മനസ്സിലായതോടെ വൈരാഗ്യം തോന്നി. സിനിമകൾ കാണാറുണ്ടെങ്കിലും കൊലപാതകത്തിന് സിനിമ പ്രചോദനമായിട്ടില്ല എന്നാണ് അഫാൻ പറഞ്ഞതെന്നു പൊലീസ് പറയുന്നു.
