കഴക്കൂട്ടം കുഴിവിള തമ്പുരാൻ മുക്കിനു സമീപം തീപിടിത്തം: വാഹനങ്ങൾ കത്തിനശിച്ചു
കുഴിവിള തമ്പുരാൻ മുക്കിനു സമീപം വീടിന്റെ ഷെഡിൽ പാർക്ക് ചെയ്തിരുന്ന ഒരു കാറും, മൂന്ന് ഇരുചക്ര വാഹനങ്ങളും കത്തിനശിച്ചു. കഴക്കൂട്ടത്തു നിന്നും 2 യൂണിറ്റ് അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീകെടുത്തിയത്. ഇന്നലെ പുലർച്ചെ 1.30ന് ഇൻഫോസിസിനു സമീപം കോരാളം കുഴിയിലെ ഗീതു ഭവനിലെ രാകേഷിന്റെ വീട്ടിലെ ഷെഡിലാണ് തീപിടിച്ചത്. ഒരു കാറും രണ്ടു സ്കൂട്ടറുകളും ഒരു ബൈക്കും പൂർണമായും കത്തി നശിച്ചു. 9 ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടെന്ന് കണക്കാക്കുന്നു. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. ആവശ്യപ്പെട്ടിട്ടും തീ അണയ്ക്കാനുള്ള ജലം ടെക്നോപാർക്കിലെ ഐടി കമ്പനി നൽകിയില്ലെന്ന് അഗ്നിശമനസേന. ജലം നിഷേധിച്ച കമ്പനിയുടെ നടപടിക്കെതിരെ ബന്ധപ്പെട്ടവർക്ക് പരാതി നൽകും എന്നു ഫയർ ഓഫിസർ ജിഷാദ് അറിയിച്ചു.
