ആദ്യം തീരുമാനിച്ചത് ഇരുമ്പുകമ്പി വാങ്ങാൻ, 70 ലക്ഷത്തിന്റെ കടം സ്ഥിരീകരിച്ചു;
എല്ലാവരെയും കൊലപ്പെടുത്താൻ ഇരുമ്പുകമ്പി വാങ്ങാനാണ് ഉദ്ദേശിച്ചതെന്നും കൊണ്ടു നടക്കാൻ എളുപ്പത്തിനാണ് ചുറ്റിക വാങ്ങിയതെന്നും അഫാന്റെ മൊഴി. കൊലപ്പെടുത്തുന്ന രീതിയും മറ്റും ഇന്റർനെറ്റിൽ തിരഞ്ഞിട്ടില്ലെന്നു മൊബൈൽ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇനി മുന്നോട്ടുപോകാൻ കഴിയാത്തവിധം കടം വന്നതിനാലാണ് കൊലപ്പെടുത്താൻ തന്നെ തീരുമാനിച്ചത്.
അമ്മ ഷെമി, സഹോദരിയുടെ കയ്യിൽനിന്ന് 30 പവൻ സ്വർണം വാങ്ങി പണയംവച്ചിരുന്നു. അവരുടെ വീടിന്റെ ആധാരവും വാങ്ങി പണയംവച്ചു. അമ്മയുടെ സഹോദരിയുടെ മകളുടെ വിവാഹത്തിനായി ഇതെല്ലാം തിരികെ നൽകണമായിരുന്നു. അതിന് ഒരു മാർഗവുമില്ല. ഇതിനുപുറമെ, പിതാവിന്റെ സഹോദരന്റെ കയ്യിൽനിന്നും 10 ലക്ഷം രൂപ വാങ്ങിയെന്നും പ്രതി അഫാൻ തെളിവെടുപ്പിനിടെ മൊഴി നൽകി.
പലിശക്കാരിൽനിന്നാണ് കൂടുതൽ പണവും വാങ്ങിയതെന്നും അന്വേഷണസംഘത്തിന് നൽകിയ മൊഴിയിലുണ്ട്. അഫാൻ രണ്ടര ലക്ഷത്തിന്റെ ബൈക്കും പിന്നീട് കാറും വാങ്ങിയതോടെയാണ് കടം നൽകിയവർ സമ്മർദം ചെലുത്തിയത്. സുഹൃത്ത് ഫർസാനയിൽനിന്നു വാങ്ങിയ മാല ഫർസാനയും തിരികെ ചോദിച്ചിരുന്നു. പിതാവ് അറിയാതെയാണ് ഫർസാന അഫാന് മാല കൈമാറിയത്.
