നെടുമങ്ങാട് സത്രം ജംക്ഷനിൽ പൈപ്പ് പൊട്ടി ജലം ഒഴുകുന്നു.
ജനത്തിരക്കേറിയ നെടുമങ്ങാട് സത്രം ജംക്ഷനിൽ റോഡ് വക്കിൽ പൈപ്പ് പൊട്ടി ഒഴുകാൻ തുടങ്ങിയിട്ട് ദിവസങ്ങൾ ഏറെയായി. പൈപ്പ് പൊട്ടി ഒഴുകുന്നതിന്റെ വിവരം വാട്ടർ അതോറിറ്റിയിൽ അറിയിച്ചപ്പോൾ അധികൃതർ എത്തി പരിശോധന നടത്തുകയും മടങ്ങി പോവുകയും ചെയ്തുവെന്നും അതിനുവേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നും വ്യാപാരികൾ പറഞ്ഞു. ദിവസങ്ങളായി ശുദ്ധജലം പാഴായി റോഡിലൂടെ ഒഴുകുകയാണ്. റോഡിൽ വെള്ളം കെട്ടി നിന്ന് യാത്രക്കാർക്കും സമീപത്തെ വ്യാപാരികൾക്കും ഏറെ ദുരിതം ഉണ്ടാക്കുന്നുണ്ട്. മുത്തുമാരിയമ്മൻ ക്ഷേത്രത്തിലേക്കുള്ള വഴി ഈ റോഡിലൂടെയാണ്.
നിരവധി വിദ്യാർഥികളും യാത്രക്കാരും കാൽനട യാത്ര ചെയ്യുന്നതും ഇതുവഴിയാണ്. ഇതുവഴി വാഹനങ്ങൾ കടന്നു പോകുമ്പോൾ കെട്ടിനിൽക്കുന്ന വെള്ളം യാത്രക്കാരുടെ ശരീരത്തിൽ തെറിക്കുന്നത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.വാട്ടർ അതോറിറ്റിയുടെ കരാർ ജീവനക്കാരുടെ അനാസ്ഥ ആണ് പൈപ്പ് പൊട്ടൽ പരിഹരിക്കാൻ നടപടി വൈകിപ്പിക്കുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്.അടിയന്തരമായി വാട്ടർ അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥർ കർശന നിർദേശം നൽകി പൊട്ടിയ പൈപ്പ് മാറ്റി സ്ഥാപിച്ചു ശുദ്ധജലം പാഴായി ഒഴുകുന്നത് തടയണമെന്നും നാട്ടുകാർക്ക് ഉണ്ടായിരിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.
