ഭൂതത്താൻകെട്ട് വൈദ്യുതപദ്ധതി: നഷ്ടം 500 കോടി; കമ്പനിയെ കെഎസ്ഇബി ഒഴിവാക്കി.
ഭൂതത്താൻകെട്ട് ചെറുകിട ജലവൈദ്യുത പദ്ധതി വൈകിപ്പിച്ച് 500 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കിയ കമ്പനികളുടെ കൺസോർഷ്യത്തെ ഒഴിവാക്കാൻ കെഎസ്ഇബി തീരുമാനിച്ചു. പലതവണ കരാർ ലംഘിക്കുകയും തട്ടിപ്പുനടത്തുകയും ചെയ്തെന്ന വിലയിരുത്തലിലാണു നടപടി. തമിഴ്നാട്ടിലെ ശ്രീശരവണ എൻജിനീയറിങ് ഭവാനി (എസ്എസ്ഇബി) കമ്പനിയുമായുള്ള കരാറാണ് റദ്ദാക്കിയത്. സിവിൽ, ഇലക്ട്രോ–മെക്കാനിക്കൽ കരാറുകളിലായി തടഞ്ഞുവച്ചിട്ടുള്ള 30.65 കോടി രൂപ നഷ്ടപരിഹാരമായി ഈടാക്കാനും തീരുമാനിച്ചു.
2015 മാർച്ചിൽ ഒപ്പിട്ട കരാർ പ്രകാരം 18 മാസം കൊണ്ടു പദ്ധതി പൂർത്തിയാക്കേണ്ടതായിരുന്നു. ചൈനയിലെ ഹുനാൻ ചൗയാങ് ജനറേറ്റിങ് എക്യുപ്മെന്റ്സ് കമ്പനിയുമായി ചേർന്നാണ് എസ്എസ്ഇബി തട്ടിപ്പു നടത്തിയതെന്ന് കെഎസ്ഇബി പറയുന്നു. ചൈനയിൽനിന്ന് 2 ലോഡ് സാമഗ്രികൾ എത്തിച്ചെങ്കിലും റോട്ടർ, സ്റ്റേറ്റർ, റണ്ണർ തുടങ്ങിയ പ്രധാന ഉപകരണങ്ങൾ ഉൾപ്പെടുന്ന മൂന്നാമത്തെ ലോഡ് ലഭിച്ചില്ല. ജനറേറ്ററിന്റെ പ്രധാന ഘടകങ്ങളൊന്നും എത്തിക്കാതെതന്നെ 70.44 കോടി രൂപ കെഎസ്ഇബി കൈമാറി. സിവിൽ, ഇലക്ട്രോ–മെക്കാനിക്കൽ ജോലികൾക്കായി 169 കോടിയും നൽകി. 2016 ഓഗസ്റ്റ് 3 മുതൽ ഉൽപാദനം തുടങ്ങേണ്ടിയിരുന്ന പദ്ധതിയിൽനിന്നു പ്രതിവർഷം 35 കോടി രൂപയുടെ വൈദ്യുതി ലഭിക്കേണ്ടതായിരുന്നു. ആയിനത്തിൽ 8 വർഷം കൊണ്ട് നഷ്ടമായത് 280 കോടി രൂപ. ഇതിനു പകരം പുറത്തുനിന്നു വാങ്ങേണ്ടിവന്ന വൈദ്യുതിയുടെ വിലയും ഉൾപ്പെടെ നഷ്ടം 500 കോടി കടക്കുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ.
