January 15, 2026

നന്ദിയോട് പഞ്ചായത്തിൽ ഡെങ്കിപ്പനി പടരുന്നു; 6 പേർക്ക് സ്ഥിരീകരിച്ചു.

നന്ദിയോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു. കുടവനാട് മേഖലയിൽ 6 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഒരു ആരോഗ്യ പ്രവർത്തകയ്ക്കും പനി സ്ഥിരീകരിച്ചിട്ടുണ്ട്. കുടവനാട് മേഖലയിൽ ഉപയോഗ ശൂന്യമായ കിണറ്റിൽ തള്ളിയ മാലിന്യങ്ങൾ കുമിഞ്ഞുകൂടി അതിൽ നിന്നുണ്ടായ കൊതുകളാണ് ഡെങ്കിപ്പനിക്ക് കാരണമായതെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു. സമീപത്ത് കൊതുകുകൾ പെരുകിയ കുളവും കണ്ടെത്തി. പാലോട് സിഎച്ച്സിയിലെ മെഡിക്കൽ ഓഫിസർ ഡോ.മനോജിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.

ഭവന സന്ദർശനവും ബോധവൽക്കരണവുംപ്രതിരോധ മാർഗങ്ങളും നടത്തുന്നുണ്ട്. കൊതുകുവളരാൻ കാരണമായ കിണറിന്റെ ഉടമയ്ക്ക് ആരോഗ്യ വകുപ്പ് നോട്ടിസ് നൽകി കിണർ അടിയന്തരമായി നികത്തണമെന്നും മാലിന്യം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു. നന്ദിയോട് പഞ്ചായത്തിലും കത്ത് നൽകിയിട്ടുണ്ട്. പാലോട് ആശുപത്രിയിൽ പനി ബാധിതരുടെ എണ്ണം വളരെ കൂടുതലാണ്. എല്ലാവരുടെയും രക്ത സാംപിളുകൾ ശേഖരിച്ചു ഡെങ്കിപ്പനി സ്ഥിരീകരണം നടത്തുന്നുണ്ട്. തലവേദനയും വയറു വേദനയും ഛർദിയുമായിട്ടാണ് പലരും ആശുപത്രികളിൽ എത്തുന്നത്. ഡെങ്കിപ്പനിക്ക് പുറമേ പെരിങ്ങമ്മല ഭാഗത്ത് മുണ്ടിനീരും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *