വീടിനു പുറത്തിറങ്ങല്ലേ; തെരുവുനായ്ക്കൾ കടിക്കും.
ജംക്‌ഷനിലും സമീപ പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ട് മാസങ്ങളായി. ഇതിനിടെ ഒട്ടേറെ പേർ കടിയേറ്റ് വിവിധ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.പഞ്ചായത്തിലെ പ്രധാന ജംക്‌ഷനുകളായ വെള്ളനാട്, ആശുപത്രി, ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പരിസരം, മാർക്കറ്റ്, ഗവ.എൽപി സ്കൂൾ പരിസരം, കണ്ണമ്പള്ളി, മേപ്പാട്ടുമല, വാളിയറ, ചാങ്ങ, വെളിയന്നൂർ, കുളക്കോട്, കൂവക്കുടി, അനൂപ് അവന്യു റോഡ് തുടങ്ങി എല്ലാ പ്രദേശങ്ങളും നായ്ക്കളുടെ താവളമാണ്. കൂട്ടത്തോടെയും അല്ലാതെയും ആണ് ഇവരുടെ ആക്രമണം.
കെഎസ്ആർടിസി ഡിപ്പോയിലും നായ്ക്കളുടെ ശല്യം രൂക്ഷമാണ്. ഒരു മാസം മുൻപ് കെഎസ്ആർടിസി ഡിപ്പോയിൽ ബസ് ഇറങ്ങി നടന്നുപോകുന്നതിനിടെ 16 കാരിയെ പട്ടി കടിച്ചിരുന്നു. പിന്നാലെ രക്ഷിതാക്കൾക്കൊപ്പം വന്ന 12 വയസ്സുകാരിയെയും നായ്ക്കൾ കടിക്കാൻ ശ്രമിച്ചു. ദിവസവും വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ പേർ ബസ് കാത്ത് നിൽക്കുന്ന സ്ഥലമാണ് ഡിപ്പോയും വെള്ളനാട് ജംക്‌ഷനും.
