റെയിൽപാളത്തിൽനിന്ന് മാറാതെ വയോധികൻ; സാഹസികമായി രക്ഷിച്ച് യുവാവ്.
ട്രെയിൻ കടന്നുപോകാൻ സിഗ്നൽ തെളിഞ്ഞിട്ടും റെയിൽവേ പാളത്തിൽനിന്ന് മാറാൻ തയാറാകാതിരുന്ന മാനസിക അസ്വാസ്ഥ്യമുള്ളയാളെ കേറ്ററിങ് സർവീസ് ജീവനക്കാരൻ നെടുമങ്ങാട് സ്വദേശി രാഹുൽ (27) സാഹസികമായി രക്ഷപ്പെടുത്തി. തിരുവനന്തപുരം സെൻട്രലിനും സൗത്ത് റെയിൽവേ സ്റ്റേഷനും ഇടയിൽ നേമം പൊലീസ് ക്വാർട്ടേഴ്സ് റോഡിൽ പ്രസാദ് നഗറിന് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. രാഹുൽ ഫുഡ് ഡെലിവറിക്കു പോകുമ്പോഴാണ് വയോധികൻ റെയിൽപാളത്തിൽ ഇരിക്കുന്നത് കണ്ടത്. പാത ഇരട്ടിപ്പിനുള്ള ജോലി നടക്കുന്നതിനാൽ ഈ ഭാഗത്ത് മണ്ണിടിച്ചു മാറ്റിയിരിക്കുകയാണ്. മാറാൻ നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും കേട്ട ഭാവം നടിച്ചില്ല. തുടർന്ന് രാഹുൽ 15 അടിയോളം മണ്ണിലൂടെ ഊർന്നിറങ്ങി വയോധികനെ പിടിച്ചുമാറ്റി, തോളിലെടുത്തു റോഡിലെത്തിച്ചു. ഇതിനിടെ നേമം ഭാഗത്തുനിന്ന് ട്രെയിൻ കടന്നുപോയി. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
