തിരുവനന്തപുരം: വന്യമൃഗാ’ക്രമണത്തിൽഇനിയെത്ര ജീവൻ കൂടി പൊലിഞ്ഞാലാണ് സർക്കാർ ഉറക്കമുണരുകയെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല ചോദിച്ചു.
ഇന്നലെ അതിരപ്പള്ളിയിൽ തേൻ ശേഖരിക്കാൻ പോയ രണ്ട് പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. മലക്ക പാറയിൽ മറ്റൊരു ആദിവാസി യുവാവ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഒന്നിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു.
പുലിയും കടുവയും കാട്ടുപന്നിയും കാട്ടുപോത്തുമടക്കം വന്യജീവികൾ ഒന്നൊന്നായി നാട്ടിൽ ഇറങ്ങി മനുഷ്യരെ വേട്ടയാടുകയാണ്.
മലയോര നിവാസികൾക്ക് മനസ്സമാധാനം ഇല്ലാത്ത നാളുകളാണ്.
മലയോരമേഖലകളിൽ മാത്രമല്ല അതിനോട് ചേർന്ന് കിടക്കുന്ന ഗ്രാമങ്ങളിൽ പോലും കൃഷിയിറക്കാൻ പറ്റാത്ത അവസ്ഥയാണ്. വിള നശിപ്പിക്കുന്ന കാട്ടുപന്നികളും കാട്ടാനകളും നിത്യ സംഭവങ്ങൾ ആകുന്നു.
കുട്ടികളെ സ്കൂളിൽ വിടാനോ നിത്യോപയോഗ സാധനങ്ങൾ വാങ്ങാനോ ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ല.
ആയിരത്തോളം മനുഷ്യരാണ് കഴിഞ്ഞ കുറെ വർഷങ്ങൾക്കുള്ളിൽ കൊല്ലപ്പെട്ടത്.
കൃഷിനാശത്തിന്റെ കണക്കുകൾ എത്ര കോടി വരും എന്ന് ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല.
സർക്കാരും വനം വകുപ്പും സമ്പൂർണ്ണ നിഷ്ക്രിയത്വത്തിൽ നിന്ന് ഉണർന്നു പാവം മലയോര ജനതയുടെ ജീവൻ രക്ഷിക്കാനുള്ള എന്തെങ്കിലുമൊക്കെ പദ്ധതികൾ നടപ്പിലാക്കണം – ചെന്നിത്തല ആവശ്യപ്പെട്ടു
