January 15, 2026

തോന്നയ്ക്കൽ എസ്റ്റേറ്റിൽ അനധികൃത മരംമുറി; പ്രതിഷേധം.

വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള തോന്നയ്ക്കൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് വളപ്പിൽനിന്ന് അനധികൃതമായി മരങ്ങൾ മുറിച്ചു കടത്താൻ ശ്രമമെന്ന് പരാതി. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് വേങ്ങോട് വാർഡംഗം കെ.പി.പുരുഷോത്തമൻ സ്ഥലത്തെത്തി തടയുകയും അധികൃതർക്ക് പരാതി നൽകുകയും ചെയ്തു. അതേസമയം ചുമതലയുള്ള സ്പെഷൽ ഓഫിസർ എസ്.ജി.ശ്രീജ ഇതു സംബന്ധിച്ച് പ്രതികരിച്ചില്ല.

വ്യവസായ വകുപ്പിന്റെ അനുമതി ലഭിച്ചിട്ടുണ്ടോയെന്നറിയാൻ കത്തയച്ചതായാണ് സ്പെഷൽ ഓഫിസിൽനിന്നു കിട്ടുന്ന വിവരം. കെട്ടിടങ്ങളുടെ ആസ്ബസ്റ്റോസ് മേൽക്കൂരയ്ക്കു മുകളിലേക്ക് ചാഞ്ഞുകിടക്കുന്ന മരച്ചില്ലകൾ  മുറിക്കാൻ മുൻപ് വ്യവസായ വകുപ്പ് അനുമതി നൽകിയിരുന്നു. ഇപ്പോൾ അതിന്റെ മറവിലാകാം മരങ്ങൾ മുറിച്ചു തള്ളിയതെന്നാണ് നാട്ടുകാർ പറയുന്നത്.  ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനുള്ളിലെ കെട്ടിടം വാടകയ്ക്ക് എടുത്തിട്ടുള്ളയാളാണ് കഴിഞ്ഞ അവധി ദിവസങ്ങളിൽ കൂട്ടത്തോടെ മരങ്ങൾ മുറിച്ചിട്ടത്. 

പട്ടികജാതി വിഭാഗക്കാരുടെ ഉന്നമനത്തിനായി നടപ്പാക്കിയ തോന്നയ്ക്കൽ കോളനൈസേഷൻ സ്കീമുമായി ബന്ധപ്പെട്ടാണ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സ്ഥാപിച്ചത്. പഴയ കെട്ടിടങ്ങളും ചുറ്റിനും പടർന്നു കയറിയിട്ടുള്ള കാടും ഇപ്പോൾ സാമൂഹിക വിരുദ്ധരുടെ താവളമാണെന്നും പ്രദേശവാസികൾ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *