182 കോടിയുടെ മാലിന്യനീക്ക കരാറിലും ക്രമക്കേട്; കർത്തായുടെ മരുമകന് 13 കോടി കമ്മിഷൻ ലഭിച്ചെന്നും കണ്ടെത്തൽ.
ബന്ധുക്കൾ ഡയറക്ടർമാരായ കമ്പനികൾക്കു മാലിന്യനീക്ക കരാർ നൽകിയതു വഴി 182 കോടിയുടെ ക്രമക്കേട് ശശിധരൻ കർത്തായും മറ്റും നടത്തിയതായും എസ്എഫ്ഐഒ റിപ്പോർട്ടിലുണ്ട്. ഇതുൾപ്പെടെ 3 കുറ്റകൃത്യങ്ങളാണ് എസ്എഫ്ഐഒ കണ്ടെത്തിയത്.
കർത്തായുടെ മരുമകനും സിഎംആർഎൽ ഡയറക്ടറുമായ അനിൽ ആനന്ദപ്പണിക്കർക്കു സിഎംആർഎലിൽനിന്നു 13 കോടി രൂപ അനധികൃത കമ്മിഷൻ ലഭിച്ചെന്നതാണു മൂന്നാമത്തേത്. ഇവയും 6 മാസം മുതൽ 10 വർഷം വരെ തടവും വഞ്ചിച്ചുനേടിയ തുകയുടെ മൂന്നുമടങ്ങു വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്.
രാഷ്ട്രീയ നേതാക്കൾക്കും പാർട്ടികൾക്കുമുള്ള സംഭാവനയ്ക്കു മാലിന്യനീക്ക കരാർ മറയാക്കിയതാണെന്ന് ആരോപണം ഉയർന്നിരുന്നു.
ഈ കുറ്റവുമായി ബന്ധപ്പെട്ട് ശശിധരൻ കർത്തായ്ക്കു പുറമേ സിഎംആർഎൽ ഫിനാൻസ് ചീഫ് ജനറൽ മാനേജർ പി.സുരേഷ്കുമാർ, ചീഫ് ഫിനാൻഷ്യൽ ഓഫിസർ കെ.സുരേഷ്കുമാർ, ജോയിന്റ് എംഡി ശരൺ എസ്.കർത്താ, കമ്പനി ഓഡിറ്റർമാരായ കെ.എ.സഘേഷ്കുമാർ, എ.കെ.മുരളീകൃഷ്ണൻ എന്നിവരും സിഎംആർഎൽ, നിപുണ ഇന്റർനാഷനൽ, സസ്ജ ഇന്ത്യ എന്നീ കമ്പനികളും പ്രതിപ്പട്ടികയിലുണ്ട്.
