കുറവൻകുഴി അടയമൺ തൊളിക്കുഴി റോഡ് നിർമാണം തടഞ്ഞ് നാട്ടുകാർ.
കുറവൻകുഴി അടയമൺ തൊളിക്കുഴി റോഡിന്റെ നവീകരണ പ്രവർത്തനങ്ങളിൽ അപാകം ആരോപിച്ച നാട്ടുകാർ നിർമാണം തടഞ്ഞു. തൊളിക്കുഴി, അടയമൺ വാട്സാപ് കൂട്ടായ്മകളുടെ നേതൃത്വത്തിലായിരുന്നു സമരം. അമിത ഭാരം കയറ്റിയ ലോറികൾ ഇടതടവില്ലാതെ ഓടിയതിനെത്തുടർന്നാണ് റോഡ് തകർന്നത്. നവീകരണ പ്രവർത്തനം 2024 ഡിസംബറിൽ ആരംഭിച്ചു.കുറവൻകുഴി– തൊളിക്കുഴിയി റോഡിന്റെ തെക്ക് വശത്ത് പകുതി വച്ച് മണ്ണ് മാന്തി ഉപയോഗിച്ച് ഇളക്കി മെറ്റൽ നിരത്തി റീ ടാർ ചെയ്യുന്നതിനും അടയമൺ കയറ്റത്ത് പുതുതായി ഓട നിർമിക്കാനും ആണ് കരാർ നൽകിയത്.
റോഡിലെ പഴയ ടാർ കുത്തിയിളക്കി മെറ്റൽ നിരത്തി മാസങ്ങൾ കഴിഞ്ഞിട്ടും ടാർ ചെയ്തില്ല. ഓട നിർമിക്കാനായി റോഡിന്റെ ഇരു വശങ്ങളും വെട്ടി കുഴിച്ചിട്ട ശേഷം സമയ ബന്ധിതമായി നിർമാണം നടത്തിയില്ലെന്നും നാട്ടുകാർ പരാതിപ്പെട്ടു. പൊതുമരാമത്ത് വകുപ്പിന്റെ മുന്നറിയിപ്പ് ബോർഡുകൾ, അപകട സൂചന നൽകുന്ന റിബൺ എന്നിവ സ്ഥാപിച്ചില്ല.. റോഡിന്റെ ഒരു ഭാഗം കുത്തിയിളക്കി മെറ്റൽ നിരത്തിയതിനു ശേഷം വാഹനങ്ങൾ കടന്നു പോകുന്നത് റോഡിന്റെ മറ്റേ പകുതി വഴിയായി. ഇത് വലിയ അപകടങ്ങൾക്ക് വഴിയൊരുക്കുന്നു എന്നാണ് മറ്റൊരു പരാതി.റോഡിന്റെ പകുതി ഭാഗം കുത്തിയിളക്കി ഇട്ടിരിക്കുമ്പോൾ അമിതഭാരം കയറ്റിയ ലോറികൾ ഇടതടവില്ലാതെയാണ് ഇതുവഴി പായുന്നത്.
റോഡ് നവീകരണം ആരംഭിച്ചതിനു ശേഷം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയില്ല. ജലവിതരണം മുടങ്ങൽ, പൊടി ശല്യം തുടങ്ങിയ പ്രശ്നങ്ങളുമുണ്ട്. ഒ.എസ്.അംബിക എംഎൽഎ,പൊതുമരാമത്ത് വകുപ്പ് എൻജിനീയർ, കരാറുകാരന്റെ പ്രതിനിധി എന്നിവരുമായി നടത്തിയ ചർച്ചയിൽ നാട്ടുകാരുടെ ആവശ്യങ്ങൾ അംഗീകരിച്ചു. സമയബന്ധിതമായി നവീകരണ ജോലികൾ പൂർത്തിയാക്കാം എന്ന ഉറപ്പിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
