മുതലപ്പൊഴി: മണൽ നീക്കത്തിന് ശ്രമം തുടങ്ങി:പൊഴി മുറിക്കാൻ ധാരണ.
പൊഴിമുഖം മണൽ മൂടിയതിനെ തുടർന്ന് മത്സ്യബന്ധനത്തിന് കടലിൽ പോകുന്നത് അസാധ്യമായ മുതലപ്പൊഴിയിൽ മണൽ നീക്കത്തിനു ശ്രമം തുടങ്ങി. കണ്ണൂരിൽ നിന്നുള്ള ശേഷി കൂടിയ ഡ്രജർ നാലു ദിവസത്തിനകം മുതലപ്പൊഴിയിൽ എത്തിച്ച് മണൽ നീക്കാനാണ് തീരുമാനം. ഡ്രജർ പ്രവേശിപ്പിക്കുന്നതിനായി പൊഴിയുടെ മുക്കാൽ ഭാഗം മുറിച്ചു നീക്കേണ്ടി വരും.
3 മീറ്റർ ആഴത്തിലും 13 മീറ്റർ വീതിയിലുമാണ് പൊഴി മുറിക്കുക. ഇതോടൊപ്പം കൂട്ടിയിട്ടിരിക്കുന്ന മണൽ മാറ്റുന്നതിനുള്ള നടപടികളും ആരംഭിക്കും. പൊഴി മുറിച്ച് ഡ്രജർ പ്രവേശിപ്പിക്കുന്നതിനായി മത്സ്യത്തൊഴിലാളി സംഘടനകളും സംയുക്ത സമരസമിതിയും ധാരണയായി. ഇന്നലെ വൈകിട്ട് ചർച്ച നടന്നു. പൊഴി മുറിക്കുന്നതിനൊപ്പം തന്നെ മണൽ നീക്കാമെന്നുള്ള ഉറപ്പിലാണ് സമ്മതിച്ചിരിക്കുന്നത്. പൊഴി മുറിക്കാനുള്ള പ്രവർത്തനങ്ങൾ ഇന്നലെ രാത്രി ആരംഭിച്ചു.
അതിനിടെ, പ്രശ്നപരിഹാരത്തിന് കാര്യമായ നടപടികളില്ലെങ്കിൽ മത്സ്യത്തൊഴിലാളികൾ നടത്തിവരുന്ന അനിശ്ചിതകാലസമരം കൂടുതൽ ശക്തമാക്കാനാണ് സംയുക്ത സമരസമിതിയുടെ തീരുമാനം. മണൽ അടിഞ്ഞ് മുതലപ്പൊഴി വഴിയുള്ള മത്സ്യബന്ധനം നിലച്ചിട്ട് ആഴ്ചകൾ പിന്നിടുകയാണ്. എന്നിട്ടും പ്രവേശന അഴിമുഖത്തെ മണൽനീക്കം എങ്ങും എത്തിയിട്ടില്ല.
പൊഴിയിൽ നിന്നു മാറ്റിയ മണൽ അഴിമുഖത്തു തന്നെ അടിഞ്ഞു കിടക്കുന്നതാണ് വലിയ ഭീഷണി. വലിയ മണൽശേഖരം മൂന്നു മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് നീക്കുന്നുണ്ടെങ്കിലും ഈ രീതിയിൽ പൂർണമായ മണൽ നീക്കത്തിന് മാസങ്ങൾ എടുത്തേക്കും. മുതലപ്പൊഴിയിലെ പ്രശ്നങ്ങൾക്കു പരിഹാരമില്ലാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസും മത്സ്യത്തൊഴിലാളി കോൺഗ്രസും വി.ശശി എംഎൽഎയുടെ ഓഫിസിലേക്കു നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് നേരിയ സംഘർഷമുണ്ടായി.
പൊഴിമുഖം മണൽ മൂടി അടഞ്ഞതുമൂലം സമീപ പഞ്ചായത്ത് പ്രദേശങ്ങളിൽ വെള്ളം കയറുന്ന സാഹചര്യം കണക്കിലെടുത്താണ് പൊഴിമുഖം മുറിച്ച് ഡ്രജർ പ്രവേശിപ്പിക്കുന്നതിനു സംയുക്ത സമരസമിതി തീരുമാനമെടുത്തത്. നേരത്തെ മണൽനീക്കത്തിന് നടപടിയില്ലാതെ പൊഴിമുഖം മുറിക്കാൻ അനുവദിക്കില്ല എന്നായിരുന്നു നിലപാട്. മുതലപ്പൊഴിയുടെ മുക്കാൽ ഭാഗത്തോളം വരുന്ന പൊഴിമുഖത്തെ മണൽ മാറ്റി വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സാഹചര്യം ഉണ്ടാക്കുകയാണു ലക്ഷ്യമെന്നും ഭാരവാഹികൾ പറഞ്ഞു. ഇതോടെ മുനമ്പ് അടഞ്ഞു കിടക്കുന്ന മണൽതിട്ടകൾ നീക്കാനാണ് ശ്രമം തുടങ്ങിയത്.
കണ്ണൂരിൽ നിന്നുള്ള ചന്ദ്രഗിരി ഡ്രജർ മുതലപ്പൊഴി തീരക്കടലിൽ എത്തിയെന്ന് ഉറപ്പായശേഷം മാത്രമേ പൊഴി പൂർണമായി മുറിക്കാൻ അനുവദിക്കുകയുള്ളൂവെന്നും മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കി. കണ്ണൂരിൽ നിന്നു ശേഷി കൂടിയ ഡ്രജർ എത്തിക്കാനുള്ള സർക്കാർ തീരുമാനത്തെ സമരസമിതി സ്വാഗതം ചെയ്തു.
YOU MAY LIKE
