January 15, 2026

മുതലപ്പൊഴി: മണൽമൂടിക്കിടന്ന പൊഴിമുഖം തുറന്നു.

 മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ കേന്ദ്രത്തിലെ മണൽമൂടിക്കിടന്ന പൊഴിമുഖം തുറന്നു. അഞ്ചു ദിവസങ്ങളായി 4 എസ്കവേറ്ററുകളും മണ്ണുമാന്തികളും ഒപ്പം തുറമുഖ തീരത്തു പ്രവർത്തിച്ചുവരുന്ന ഡ്രജറുമുപയോഗിച്ചാണു പൊഴിമുഖം മുറിച്ചു വെള്ളം കടലിലേക്കൊഴുക്കുന്നതിനുള്ള ചാൽ രൂപപ്പെടുത്തിയത്. വി.ശശി എംഎൽഎയും ഉദ്യോഗസ്ഥ സംഘവും സ്ഥലത്തെത്തിയിരുന്നു.നിലവിൽ വെള്ളം പൂർണമായി ഒഴുകിപ്പോകുന്നതിനു രണ്ടു ദിവസത്തിലേറെ സമയം വേണമെന്നാണു കണക്കാക്കപ്പെടുന്നത്.

കണ്ണൂർ അഴീക്കലിൽ നിന്നു പുറപ്പെട്ട ശേഷി കൂടിയ ഡ്രജർ ഇന്നലെ പുലർച്ചെയോടെ മുതലപ്പൊഴിയിൽ എത്തിയിട്ടുണ്ട്. പൊഴിമുഖം വഴി ഡ്രജറിനു കടന്നുപോകാൻ തരത്തിൽ അഴിമുഖ ചാനലിന്റെ ആഴവും വീതിയും കൂട്ടേണ്ട പ്രക്രിയ തുടങ്ങിയാൽ മാത്രമേ ഡ്രജിങ് തുടങ്ങാനാവൂ. അഴിമുഖ മുനമ്പിൽ അടിഞ്ഞിരിക്കുന്ന മണൽപാളികൾ ഇതിനു കാലതാമസം വരുത്തിയേക്കുമെന്നും സൂചനയുണ്ട്. അഴിമുഖ മുനമ്പ് ആഴംകൂട്ടുന്ന ജോലികൾ ഇന്നലെ രാത്രി മുതൽ തന്നെ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ എസ്കവേറ്ററുകൾ എത്തിച്ചു വേഗത കൂട്ടാനും നിലവിലുള്ള യന്ത്രങ്ങൾ 24 മണിക്കൂറും പ്രവർത്തനക്ഷമമാക്കാനുമാണു അധികൃതർ ലക്ഷ്യമിടുന്നത്

തുറമുഖ വകുപ്പ് ചീഫ് എൻജിനീയർ മുഹമ്മദ് അൻസാരി, സൂപ്രണ്ടിങ് എൻജിനീയർ കുഞ്ഞുമമ്മു പറവത്ത്, എക്സിക്യൂട്ടീവ് എൻജിനീയർ ജി.എസ്.അനിൽകുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അരുൺ മാത്യു എന്നിവരും വി.ശശി എംഎൽഎയോടൊപ്പം സ്ഥലത്തു ക്യാംപ് ചെയ്തുവരുന്നു. മുതലപ്പൊഴി അഴിമുഖം കേന്ദ്രീകരിച്ചു അനിയന്ത്രിതമായ തോതിൽ മണൽതിട്ടകൾ രൂപപ്പെടുന്നതിനെക്കുറിച്ചു കൂടുതൽ പഠനത്തിനും സ്ഥല പരിശോധനകൾക്കും മോഡൽ സ്റ്റഡി റിപ്പോർട്ട് വിശകലനത്തിനുമായി സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച് സ്റ്റേഷനിലെ വിദഗ്ധസംഘം ഉടൻതന്നെ മുതലപ്പൊഴി വീണ്ടും സന്ദർശിക്കുമെന്നും ഇവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *