പ്ലാൻ ആയില്ല; സ്കൂൾ കെട്ടിടനിർമാണം നീളുന്നു.
കിഫ്ബി ഫണ്ട് ഒരു കോടി രൂപ വിനിയോഗിച്ച് പോങ്ങനാട് ഗവ.ഹൈസ്കൂൾ യുപി വിഭാഗത്തിനു കെട്ടിടം നിർമിക്കാൻ 4 വർഷം മുൻപ് ആരംഭിച്ച പദ്ധതി, കെട്ടിടത്തിന്റെ പ്ലാൻ ഇനിയും തീരുമാനം ആകാതെ വന്നതോടെ കെട്ടിട നിർമാണം അനശ്ചിത്വത്തിൽ. പുതിയ കെട്ടിടം നിർമിക്കാൻ 6 ക്ലാസ് മുറികളുള്ള ഓടിട്ട കെട്ടിടം പൊളിച്ചു മാറ്റിയതു കാരണം സ്ഥല സൗകര്യം ഇല്ലാതെ യുപി, എൽപി വിഭാഗങ്ങൾ നട്ടം തിരിയുന്നു.
2022 ഏപ്രിൽ മാസത്തിലാണ് 6 ക്ലാസുകൾ പ്രവർത്തിച്ചിരുന്ന ഓടിട്ട കെട്ടിടം പൊളിച്ചു മാറ്റിയത്. എൽപി, യുപി വിഭാഗങ്ങളിലെ 17 ഡിവിഷനുകൾക്ക് നിലവിൽ ഉള്ളത് 10 ക്ലാസ് മുറികൾ മാത്രം. മൂന്നു വർഷമായി 17 ഡിവിഷനുകൾ പ്രവർത്തിക്കുന്നത് 10 ക്ലാസ് മുറികളിൽ. 3 ക്ലാസ് ബിആർസി കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തിക്കുന്നു. ശേഷിക്കുന്നവ രണ്ട് ക്ലാസുകൾ ഒരുമിച്ച് ഇരുത്തിയാണ് പഠനം നടത്തുന്നത്.
പുതിയ കെട്ടിടത്തിന്റെ ആലോചന തുടങ്ങിയപ്പോൾ 12 ക്ലാസ് മുറികളുള്ള കെട്ടിടമായിരുന്നു പ്ലാൻ ചെയ്തത്. പിന്നീട് അത് 6 ക്ലാസ് മുറികളുള്ള കെട്ടിടം മതിയെന്ന തീരുമാനത്തിൽ എത്തുകയും കിഫ്ബിയിൽ ഒരു കോടി അനുവദിക്കുകയും ചെയ്തു. മണ്ണ് പരിശോധനയിൽ ബലക്കുറവ് കണ്ടെത്തിയതോടെ പൈലിങ് നടത്തി അടിത്തറ കോൺക്രീറ്റ് ചെയ്യണമെന്ന നിർദേശം വന്നു. ലഭിച്ചിരിക്കുന്ന എസ്റ്റിമേറ്റിൽ മാറ്റം വരുത്താതെ നിർമാണം നടത്താൻ കഴിയില്ലെന്ന കരാറുകാരൻ നിലപാട് എടുത്തതോടെ നിർമാണം അനശ്ചിതത്വത്തിൽ ആയി.
ഇതിനിടയിൽ കെട്ടിടത്തിന്റെ പ്ലാനിൽ വീണ്ടും മാറ്റം വരുത്തി. രണ്ട് ക്ലാസ് മുറികളുള്ള 3 നില മന്ദിരം നിർമിക്കാനാണ് അവസാനത്തെ നീക്കം. എന്നാൽ ഇതുവരെയും കെട്ടിടത്തിന്റെ പ്ലാൻ എങ്ങനെ വേണമെന്ന് തീരുമാനം ആയിട്ടില്ല.
