January 15, 2026

അര മണിക്കൂർ മുൻപേ എത്തി ഷൈൻ, മാധ്യമങ്ങളോട് പ്രതികരിച്ചില്ല; ചോദ്യം ചെയ്യൽ തുടങ്ങി.

ഹോട്ടലിലെ ലഹരി പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ ആരംഭിച്ചു. കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ ശനിയാഴ്ച രാവിലെ പത്തു മണിയോടെയാണ് ഷൈൻ ഹാജരായത്. പത്തരയ്ക്ക് എത്തുമെന്നായിരുന്നു പൊലീസിനു ലഭിച്ച വിവരം. എന്നാൽ പറഞ്ഞതിനും അര മണിക്കൂർ മുൻപേ ഷൈൻ സ്റ്റേഷനിൽ എത്തുകയായിരുന്നു. പുറത്തു കാത്തുനിന്ന മാധ്യമങ്ങളോട് പ്രതികരിക്കാതെ ഷൈൻ സ്റ്റേഷനകത്തേയ്ക്കു കയറി പോയി. ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ ഷൈൻ ഹാജരാകുമെന്നായിരുന്നു പിതാവ് ഇന്നലെ അറിയിച്ചിരുന്നത്. 

സെൻട്രൽ എസിപി സി.ജയകുമാറിന്റെ നേതൃത്വത്തിലാണ് ഷൈനിനെ ചോദ്യം ചെയ്യുന്നത്. നർക്കോട്ടിക് സെൽ എസിപി കെ.എ.അബ്ദുൾ സലാമും ചോദ്യം ചെയ്യലിനായി സ്റ്റേഷനിലെത്തി. ഡാൻസാഫ് സംഘവും ചോദ്യം ചെയ്യും. വിശദമായ ചോദ്യം ചെയ്യലാണ് പൊലീസ് നടത്തുക. അതിനാൽ തന്നെ ചോദ്യം ചെയ്യൽ നീണ്ടേക്കുമെന്നാണ് വിവരം. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ഷൈനിന്‍റെ പിതാവ് ചാക്കോ പറഞ്ഞു. ഷൈൻ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നും ഷൈന് എതിരെയുള്ള കേസ് ഓലപ്പാമ്പാണെന്നും ആണ് പിതാവ് പറയുന്നത്.

ഡാൻസാഫ് ടീം എത്തിയപ്പോൾ ഷൈൻ എന്തിന് ഇറങ്ങിയോടി, ഹോട്ടലിൽ മുറിയെടുത്തത് എന്തിന്, ഒളിവിൽ പോയത് എന്തിന് തുടങ്ങിയ കാര്യങ്ങളാണ് പൊലീസിന് അറിയേണ്ടത്. മുൻകാല കേസുകളെപ്പറ്റിയും ചോദിച്ചറിയും. 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് തയാറാക്കിയിരിക്കുന്നത്. ഹോട്ടലിൽ പരിശോധന നടന്ന രാത്രിയിൽ ഉണ്ടായ സംഭവങ്ങൾ ഇഴകീറി ചോദിക്കും. ഷൈനിന്റെ കഴിഞ്ഞ ഒരു മാസത്തെ കോൾ ലോഗുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സമീപകാലത്ത് ഷൈൻ നഗരത്തിൽ താമസിച്ച 6 ഹോട്ടലുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു.

ഹോട്ടലുകളിൽ താമസിച്ചിരുന്ന ദിവസങ്ങളിൽ ഷൈനിനെ സന്ദർശിച്ചവരുടെ പട്ടികയും പൊലീസിന്റെ പക്കലുണ്ട്. അടുത്തിടെ ഷൈൻ കേരളത്തിനു പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഷൈനുമായി ബന്ധപ്പെട്ട് എക്സൈസിനു കിട്ടിയ വിവരങ്ങളും പൊലീസ് കൈപ്പറ്റിയിട്ടുണ്ട്. ഇതടക്കം നിരത്തിയാണ് ഷൈനിനെ ചോദ്യം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *