പ്രണയിപ്പിക്കാൻ’ പ്ലസ് വൺ വിദ്യാർഥിയുടെ ക്വട്ടേഷൻ; 2 പേർ അറസ്റ്റിൽ.
പ്രണയാഭ്യർഥന നിരസിച്ച പത്താംക്ലാസ് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി അനുസരിപ്പിക്കുന്നതിന് പ്ലസ് വൺ വിദ്യാർഥി നൽകിയ ക്വട്ടേഷൻ ഏറ്റെടുത്ത 2 പേർ ജയിലിലായി. മണ്ണംകോട് സ്വദേശികളായ അനന്തു(20), സജിൻ(30) എന്നിവരാണ് പിടിയിലായത്. ഇവരെ നെയ്യാറ്റിൻകര കോടതി റിമാൻഡ് ചെയ്തു. ആവശ്യത്തിനു മദ്യവും ആഹാരവും വാങ്ങിക്കൊടുക്കാമെന്നായിരുന്നു വാഗ്ദാനം. ക്വട്ടേഷൻ ഏറ്റെടുത്ത സംഘം ഫോണിലൂടെ വിദ്യാർഥിനിയെയും മാതാവിനെയും ഭീഷണിപ്പെടുത്തി. പ്ലസ് വൺ വിദ്യാർഥിയുടെ പ്രണയാഭ്യർഥന സ്വീകരിക്കണമെന്നും വിവാഹത്തിന് സമ്മതം നൽകണമെന്നുമായിരുന്നു സംഘത്തിന്റെ നിർദേശം. അനുസരിച്ചില്ലെങ്കിൽ ഉപദ്രവിക്കുമെന്നുമായിരുന്നു ഭീഷണി. ശല്യം സഹിക്കാനാകാതെ മാതാവ് വെള്ളറട പൊലീസിൽ നൽകിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. പ്രതികളിലൊരാൾക്കെതിരെ മാരായമുട്ടം സ്റ്റേഷനിലും കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.
