തസ്ലിമ മലയാളം–തമിഴ് സിനിമകളിൽ അഭിനയിച്ചു; പെൺവാണിഭ, ലഹരി ഇടപാടുകൾ അന്വേഷണത്തിൽ.
രണ്ടു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് കടത്തു കേസിലെ പ്രതികളെ എക്സൈസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു തുടങ്ങി. ഒന്നാം പ്രതി കണ്ണൂർ സ്വദേശി തസ്ലിമ സുൽത്താന (ക്രിസ്റ്റീന–43) തനിക്കു നടൻ ഷൈൻ ടോം ചാക്കോയുമായി പരിചയമുണ്ടെന്നു പിടിയിലായപ്പോൾ പറഞ്ഞിരുന്നു. ഷൈനിന്റെ ലഹരി, സാമ്പത്തിക ഇടപാടുകൾ അന്വേഷണത്തിനു കീഴിലായതിനാൽ ഹൈബ്രിഡ് കഞ്ചാവ് കേസ് പ്രതികളിൽ നിന്ന് എന്തെങ്കിലും വിവരം കിട്ടുമോയെന്നു നോക്കും. പ്രതികളുടെ ബാങ്ക് ഇടപാട് വിവരങ്ങളും ഫോൺവിളി, മെസേജ് വിവരങ്ങളും അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്. സിനിമ രംഗത്തുള്ളവരുമായുള്ള ബന്ധം ഇതോടെ വ്യക്തമാകുമെന്നാണ് പ്രതീക്ഷ.
രണ്ടു നടൻമാരെ പരിചയമുണ്ടെന്നാണു തസ്ലിമ കോടതിയിൽ മാധ്യമങ്ങളോടു പറഞ്ഞത്. ഇവർ അറസ്റ്റിലായതിന്റെ പിറ്റേന്നു നടൻ ശ്രീനാഥ് ഭാസി മുൻകൂർ ജാമ്യത്തിനു ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാൽ വിശദമായ ചോദ്യംചെയ്യലിനും തെളിവുശേഖരിക്കലിനും ശേഷം മാത്രമേ സിനിമ മേഖലയുമായുള്ള ബന്ധം കണ്ടെത്താനാകൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ആലപ്പുഴ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ എസ്.അശോക് കുമാർ പറഞ്ഞു.
