January 15, 2026

ഡോക്ടർ വിളിച്ചിട്ടും ആംബുലൻസ് എത്തിയില്ല; കാത്തിരുന്നത് രണ്ടു മണിക്കൂറോളം: രോഗി മരിച്ചു.

വെള്ളറടയില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധി തവണ ബന്ധപ്പെട്ടിട്ടും 108 ആംബുലന്‍സിന്റെ സേവനം ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് രോഗി മരിച്ചതായി പരാതി. വെള്ളറട സ്വദേശിയായ ആന്‍സിയാണ് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്ന ആന്‍സിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റാന്‍ ആംബുലന്‍സ് വിളിച്ചെങ്കിലും കുരിശുമല സ്‌പെഷല്‍ ഡ്യൂട്ടി ചൂണ്ടിക്കാട്ടി ആംബുലന്‍സ് വിട്ടു നല്‍കിയില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആനി പ്രസാദ് പറഞ്ഞു. 

രണ്ടു മണിക്കൂറോളം വിളിച്ചിട്ടും ആംബുലന്‍സ് ലഭ്യമായില്ല. ഇതോടെ ആൻസിയെ ഒരു വാനില്‍ കയറ്റി സിഎച്ച്‌സിയില്‍ എത്തിച്ചു. അവിടുത്തെ ഡോക്ടര്‍ വിളിച്ചിട്ടും 108 ആംബുലന്‍സ് വിട്ടു നല്‍കാന്‍ തയാറായില്ല. തുടര്‍ന്ന് മറ്റൊരു ആംബുലന്‍സ് വിളിച്ച് സിഎച്ച്‌സിയില്‍നിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ എടുത്തുവച്ച് ആന്‍സിയുമായി പോകുന്നതിനിടെ ആരോഗ്യനില വഷളായി അവര്‍ മരിക്കുകയായിരുന്നു.

അമരവിളയില്‍ വച്ച് ആരോഗ്യനില വഷളായതോടെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇന്നലെ രാത്രി ഏഴു മണിയോടെയായിരുന്നു സംഭവമെന്ന് ആനി പ്രസാദ് പറഞ്ഞു. ഏതാണ്ട് രാത്രി 10.40ഓടെ ആന്‍സി മരിച്ചു. വിഷയത്തില്‍ 108 ആംബുലന്‍സിനെതിരെ പരാതി നല്‍കുമെന്നും ആനി പ്രസാദ് പറഞ്ഞു. 108 ആംബുലന്‍സിന്റെ കസ്റ്റമര്‍ കെയര്‍ സെന്ററില്‍ വിളിച്ചപ്പോള്‍ കുരിശുമല തീര്‍ഥാടനത്തിന്റെ സ്‌പെഷല്‍ ഡ്യൂട്ടി ആയതിനാല്‍ ആംബുലന്‍സ് വിട്ടു നല്‍കാന്‍ കഴിയില്ലെന്നാണു മറുപടി ലഭിച്ചതെന്ന് ആനി പ്രസാദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *