വിവാഹത്തിനെത്തിയത് ഒറ്റയ്ക്ക്; ആവശ്യപ്പെട്ടത് അരക്കോടി രൂപയും 100 പവനും: ഒടുവിൽ അരുംകൊല.
സ്വത്ത് തട്ടിയെടുക്കാൻ തന്നെക്കാൾ 28 വയസ്സ് കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിക്കുകയും പിന്നീട് വൈദ്യുതാഘാതം ഏൽപിച്ചു കൊലപ്പെടുത്തുകയും ചെയ്തെന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും. അതിയന്നൂർ അരുൺ നിവാസിൽ അരുണിനെയാണ് (32) നെയ്യാറ്റിൻകര അഡീഷനൽ ജില്ലാ കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ 6 മാസം അധിക തടവും വിധിച്ചു.
കുന്നത്തുകാൽ ത്രേസ്യാപുരത്ത് പ്ലാങ്കാല പുത്തൻ വീട്ടിൽ ശാഖ കുമാരി (52) ആണ് 2020 ഡിസംബർ 26ന് പുലർച്ചെ കൊല്ലപ്പെട്ടത്. ഇലക്ട്രിഷ്യൻ ആയിരുന്ന അരുൺ 2020ൽ ശാഖയെ വിവാഹം ചെയ്തു. വിവാഹം രഹസ്യമായിരിക്കണമെന്നും ഫോട്ടോ, വിഡിയോ എന്നിവ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കാൻ പാടില്ലെന്നും അരുൺ നിഷ്കർഷിച്ചിരുന്നു. എന്നാൽ, ശാഖയുടെ ബന്ധുക്കളിൽ ചിലർ വിവാഹ ചിത്രങ്ങൾ പ്രചരിപ്പിച്ചത് അരുണിനെ ചൊടിപ്പിച്ചു. ഇതോടെയാണ് ശാഖയെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
