വിനീത കൊലക്കേസ്: ശിക്ഷാവിധി ഇന്ന്; വധശിക്ഷയിൽ കുറഞ്ഞൊന്നും നൽകരുതെന്ന് പ്രോസിക്യൂഷൻ.
പേരൂര്‍ക്കട അമ്പലമുക്കിലെ അലങ്കാര ചെടി വില്‍പ്പന ശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശിനി വിനീതയെ (38) കുത്തി കൊലപ്പെടുത്തിയ കേസില്‍ തിരുവനന്തപുരം ഏഴാം അഡിഷനല്‍ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹന്‍ ഇന്ന് ശിക്ഷ വിധിക്കും. കേസിൽ പ്രതിയായ തമിഴ്‌നാട് കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം രാജീവ് നഗറില്‍ രാജേന്ദ്രൻ (40) കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിരുന്നു. കുറ്റകരമായ വസ്തു കയ്യേറ്റം, കൊലപാതകം, കൊലപ്പെടുത്തി കവർച്ച, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾക്കാണ് അഡിഷനൽ സെഷൻസ് കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
ദൃക്സാക്ഷികളില്ലാത്ത കേസിൽ പ്രോസിക്യൂഷനു സഹായകരമായത് സാഹചര്യ തെളിവുകളും ശാസ്ത്രീയ– ഫൊറൻസിക് തെളിവുകളുമാണ്. ജില്ലാ കലക്ടർ, സൈക്കോളജിസ്റ്റ്, ജയിൽ സൂപ്രണ്ട്, റവന്യൂ വകുപ്പ് എന്നിവരുടെ റിപ്പോർട്ടുകൾ പരിഗണിച്ച ശേഷമാണ് കോടതി ശിക്ഷ വിധിക്കുന്നത്. കൊലപാതക പരമ്പര നടത്തിയിട്ടുളള പ്രതി പൊതുസമൂഹത്തിന് ഭീഷണിയായതിനാൽ വധശിക്ഷയില്‍ കുറഞ്ഞതൊന്നും നല്‍കരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. തമിഴ്നാട്ടിൽ ഒരു കുടുംബത്തിലെ 3 പേരെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് രാജേന്ദ്രൻ. പ്രതി നടത്തിയ നാലു കൊലപാതകങ്ങളിൽ മൂന്നിലും ഇരകൾ സ്ത്രീകളാണ്. തിരുവനന്തപുരം ജില്ലാ കലക്ടറുടേതടക്കം ആറ് റിപ്പോര്‍ട്ടുകളും പ്രതിക്ക് എതിരായിരുന്നു.മനഃപരിവര്‍ത്തനം നടത്താന്‍ കഴിയാത്ത, ക്രൂരമായി കൊലപാതക പരമ്പര നടത്തുന്നയാളാണ് പ്രതിയെന്നായിരുന്നു റിപ്പോര്‍ട്ടുകളുടെ സാരാംശം. തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ മനഃശാസ്ത്രഞ്ജനും മനോരോഗ വിദഗ്ധനും പ്രതിയെ പരിശോധിച്ച് കോടതിയിൽ റിപ്പോര്‍ട്ട് നൽകിയിരുന്നു. അതേസമയം, 70 വയസ് കഴിഞ്ഞ അമ്മയ്ക്ക് ഏക ആശ്രയം താനാണെന്നും പൊലീസിനെ ഭയന്ന് സഹോദരനും സഹോദരിയും അമ്മയെ കാണാന്‍ പോലും കൂട്ടാക്കാറില്ലെന്നും പ്രതി കോടതിയെ അറിയിച്ചു. പ്രതിയുടെ പ്രായം പരിഗണിക്കണമെന്നും പ്രതിഭാഗം വാദിച്ചിരുന്നു.
