January 15, 2026

കഞ്ചാവ് വിൽപനയെ പറ്റി അറിയിച്ചു, നടപടി ഉറപ്പെന്ന് പൊലീസ്; പിന്നാലെ യുവാക്കളെ വെട്ടി ലഹരി സംഘം.

പോത്തന്‍കോട് ലഹരിമാഫിയ സംഘം സഹോദരന്മാരായ യുവാക്കളെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. കഞ്ചാവ് വില്‍പന പൊലീസില്‍ അറിയിച്ചതിനാണ് രതീഷ്, രജനീഷ് എന്നിവര്‍ക്കു നേരെ ആക്രമണം ഉണ്ടായത്. കാട്ടായിക്കോണം അരിയോട്ടുകോണത്താണ് സംഭവം. എട്ടോളം പേരടങ്ങുന്ന സംഘമാണ് പട്ടാരി സ്വദേശികളായ സഹോദരങ്ങളെ ഇന്നലെ വെട്ടിയത്. പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്തവരും ഉണ്ടെന്നു പൊലീസ് അറിയിച്ചു. വെട്ടേറ്റ രതീഷിന്റെ തലയില്‍ 20 തുന്നലും കയ്യിൽ പൊട്ടലുമുണ്ട്. പോത്തന്‍കോട് പൊലീസ് വധശ്രമത്തിന് കേസെടുത്തു.

വീടിനടുത്ത് രതീഷും രജനീഷും നടത്തുന്ന പശു ഫാമിന്റെ സമീപത്ത് ലഹരി ഉപയോഗവും വില്‍പനയും ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് വിവരം പോത്തന്‍കോട് പൊലീസില്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ വൈകിട്ട് രജനീഷിനെ ലഹരി സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ചു. രജനീഷ് പോത്തന്‍കോട് പൊലീസ് സ്‌റ്റേഷനിലേക്ക് ഓടിക്കയറി വിവരം പറഞ്ഞു. അക്രമികള്‍ക്കെതിരെ നടപടി എടുക്കാമെന്ന് പൊലീസ് ഉറപ്പു നല്‍കുകയും ചെയ്തു. ഇതിനുശേഷം ഫാമിലേക്ക് എത്തിയപ്പോഴാണ് രതീഷിനെയും രജനീഷിനെയും ലഹരിസംഘം ക്രൂരമായി ആക്രമിച്ചത്. പരാതി നല്‍കിയ വിവരം പൊലീസില്‍നിന്നു ചോര്‍ന്നതാണ് ആക്രമണത്തിനു കാരണമെന്നു സംശയിക്കുന്നതായി യുവാക്കാള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *