തിരുവനന്തപുരം∙ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിൽ യെലോ അലർട്ടും പുറപ്പെടുവിച്ചു
നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടും പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മേയ് 25ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നതെന്നും അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കുമെന്നും മുന്നറിയിപ്പുണ്ട്. മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങള്‍ക്കും സാധ്യതയുണ്ടെന്നും നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാമെന്നും മുന്നറിയിപ്പിൽ പറയുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചില്‍ ഉരുൾപൊട്ടൽ എന്നിവയ്ക്കും സാധ്യതയുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം, അടുത്ത 2 ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത 7 ദിവസം പടിഞ്ഞാറൻ / വടക്കു പടിഞ്ഞാറൻ കാറ്റ് കേരളത്തിനു മുകളിൽ ശക്തമാകാനും സാധ്യതയുണ്ട്. മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാടക-ഗോവ തീരത്തിനു മുകളിലായി രൂപപ്പെട്ട ന്യൂനമർദം ശക്തികൂടിയ ന്യുനമർദമായി മാറിയിട്ടുണ്ട്. വടക്കോട്ടു നീങ്ങുന്ന ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
മേയ് 27 ഓടെ മധ്യ പടിഞ്ഞാറൻ -വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യുനമർദം കൂടി രൂപപ്പെടാനും സാധ്യതയുണ്ട്. കേരളത്തിൽ മേയ് 24 മുതൽ 26 വരെ തീയതികളിൽ ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും മേയ് 23 മുതൽ 27 വരെ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
