പോത്തൻകോട് ∙ തച്ചപ്പള്ളിയിൽ ഈച്ചകളെക്കൊണ്ടു പൊറുതിമുട്ടി മുപ്പതോളം കുടുംബങ്ങൾ. മഴയെത്തിയതോടെ വളരെ വേഗം സമീപ പ്രദേശങ്ങളിലേക്കും ഇവ വ്യാപിക്കുകയാണ്. പകർച്ചവ്യാധി ഭീഷണിയിലാണ് നാട്ടുകാർ. വേങ്ങോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ രണ്ടുവട്ടം ഇവർ പരാതി നൽകിയിരുന്നു. പരിശോധന നടത്തിയെങ്കിലും ഉറവിടം എവിടെയെന്നതിന് വ്യക്തത വന്നിട്ടില്ലെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
എന്നും രാവിലെ ചൂലുകൊണ്ട് ഈച്ചകളെ അടിച്ചുകൊല്ലും. അതിനു ശേഷമാണ് പാചകം. കുറേ കഴിയുമ്പോൾ എവിടെ നിന്നാണന്നറിയില്ല കൂട്ടത്തോടെ ഈച്ചകളെത്തും.
ആരോഗ്യവിഭാഗത്തിന്റെ അടിയന്തിര നടപടികൾ ഉണ്ടാകണമെന്ന് പോത്തൻകോട് ബ്ലോക്ക് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ആർ.അനിൽകുമാർ ആവശ്യപ്പെട്ടു. 9 മാസമായി ഭക്ഷണം പാകംചെയ്യാനോ സ്വസ്ഥമായി ഉറങ്ങാനോ കഴിയാത്ത സ്ഥിതിയിലാണ് പ്രദേശവാസികൾ. സമീപത്തെ കോഴിഫാമിൽ നിന്നാണ് ഇത്രയധികം ഈച്ചകൾ വരുന്നതെന്നാണു നാട്ടുകാരുടെ പരാതി. അടുക്കള ഭാഗത്ത് പച്ച നെറ്റ് കെട്ടിയാണ് തച്ചപ്പള്ളി അഭയത്തിൽ ശാരി പാചകം ചെയ്യുന്നത്.
ഉണങ്ങാൻ തുണി വിരിച്ചിട്ടാൽ അതിലും ഈച്ചകൾ വന്നുപറ്റും. അടുത്തു പിടിച്ചിരുത്തി ഷാൾ മൂടിയാണ് മകന് ചായ കൊടുക്കുന്നത്. വീടിനകം മുഴുവൻ ഈച്ചയാണ്
ഈച്ചയെ തുരത്താൻ കീടനാശിനികൾ ഉപയോഗിച്ചത് ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിവയ്ക്കുമോ എന്ന ഭീതിയുണ്ട്. സമീപത്തെ തച്ചപ്പള്ളി ഊരൂട്ടുമണ്ഡപം തമ്പുരാൻ ദേവീക്ഷേത്രത്തിലെ ഉത്സവത്തിലും ഈച്ച ശല്യമായിരുന്നു. പലരും വീടുവിട്ട് വാടകവീടുകൾ തേടി പോകാനുള്ള ശ്രമത്തിലാണ്.
പ്രദേശവാസികൾക്ക് ഭീഷണിയായ സാഹചര്യത്തിൽ ഈച്ചയെ തുരത്താൻ മരുന്നു തളിക്കുന്നതടക്കം നടപടികൾ ഉടൻ തന്നെ നടത്തും.
