തിരുവനന്തപുരം ∙ നാടെങ്ങും തെരുവു നായ്ക്കൾ ഭീതി പരത്തുമ്പോൾ, ഇവയുടെ കടിയേറ്റ് കഴിഞ്ഞ വർഷം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ മാത്രം ചികിത്സ തേടിയത് 4,625 പേരെന്ന് കണക്ക്. ഇതിൽ 1,406 പേർക്ക് കടിയേറ്റത് തെരുവു നായ്ക്കളിൽ നിന്നാണെന്നും വിവരാവകാശ രേഖ. സംസ്ഥാനത്തൊട്ടാകെ കഴിഞ്ഞ വർഷം 3,16,793 പേർക്ക് തെരുവു നായ്ക്കളുടെ ആക്രമണത്തിൽ പരുക്കേറ്റെന്നാണു കണക്ക്. ഇതിൽ 50,970 പേർ തിരുവനന്തപുരം ജില്ലയിലുള്ളവരാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ തെരുവു നായ്ക്കളുടെ ആക്രമണത്തിന് വിധേയരാകുന്നതും തലസ്ഥാനത്താണ്.ജില്ലാ പഞ്ചായത്തിന്റെയും ചില പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ നടത്തിയിരുന്ന വന്ധ്യംകരണ ശസ്ത്രക്രിയ പൂർണമായി നിർത്തലാക്കിയതോടെ തെരുവു നായ്ക്കളുടെ ആക്രമണം രൂക്ഷമായിട്ടുണ്ട്.
വർക്കല നഗരസഭ പരിധിയിൽ നിന്നും ഇടവ, ഇലകമൺ, ചെമ്മരുതി, ചെറുന്നിയൂർ, വെട്ടൂർ, അഞ്ചുതെങ്ങ് എന്നീ പഞ്ചായത്ത് പ്രദേശങ്ങളിൽ നിന്നുമായി ദിവസവും 10 പേരെങ്കിലും നായ്ക്കളുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സ തേടി എത്തുന്നുണ്ടെന്നു ആശുപത്രി അധികൃതർ പറഞ്ഞു. നായ്ക്കളുടെ പ്രജനനം നിയന്ത്രിക്കുന്നതിന് ചെമ്മരുതിയിൽ അനിമൽ ബർത്ത് കൺട്രോൾ (എബിസി) സംവിധാനം സ്ഥാപിക്കാൻ തീരുമാനിച്ചെങ്കിലും ഇതുവരെ നടപ്പായില്ല.
വെള്ളറടയിൽ 7 പേരും കുന്നത്തുകാലിൽ 4 പേരും തെരുവു നായ്ക്കളുടെ ആക്രമണത്തിന് ഇരയായത് അടുത്തിടെ. തുടർന്ന് കുന്നത്തുകാൽ പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിൽ തെരുവുനായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകി. വെള്ളറടയിൽ ഒരു ദിവസം കുത്തിവയ്പ് നൽകി.
കഴക്കൂട്ടത്ത് ഒരു മാസം മുൻപ് അങ്കണവാടിക്കടുത്ത് നിന്ന കുട്ടിയെ അടക്കം 16 പേരെ തെരുവു നായ ആക്രമിച്ച സംഭവമുണ്ടായി. വീടുകളിലെ വളർത്തും മൃഗങ്ങളെയും ആക്രമിച്ചിരുന്നു. പിന്നീട് ചത്ത നിലയിൽ നായയെ കണ്ടെത്തി. പാലോട് വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ നായയ്ക്കു പേ വിഷബാധിച്ചിരുന്നതായി സ്ഥിരീകരിച്ചു. കുളത്തൂർ വാർഡിൽ പുല്ലുകാട്– മൺവിള റോഡിലും തെരുവ് നായകളുടെ ശല്യം രൂക്ഷമാണ്. കഴക്കൂട്ടത്തും എലിവേറ്റഡ് ഹൈവേയുടെ അടിപ്പാതയ്ക്കു സമീപം നായ്ക്കൾ വിഹരിക്കുന്ന കാഴ്ചയാണ്.
കല്ലറ പഴയചന്ത അങ്കണവാടിയിൽ തെരുവുനായ കടക്കാതിരിക്കാൻ നാട്ടുകാർ പണം ചെലവാക്കി ഇരുമ്പ് വാതിൽ സ്ഥാപിച്ചാണ് കുട്ടികളെ സുരക്ഷിതരാക്കിയിരിക്കുന്നത്. അങ്കണവാടിക്ക് സമീപം നായ ശല്യം രൂക്ഷമായതിനെത്തുടർന്ന് നാട്ടുകാർ ശക്തമായ പ്രതിഷേധിച്ചെങ്കിലും പഞ്ചായത്ത് ഇടപെടാതെ വന്നതോടെയാണ് നാട്ടുകാർ രംഗത്തിറങ്ങിയത്. വാമനപുരം പഞ്ചായത്ത് പരിധിയിൽ രണ്ടാഴ്ച മുൻപ് കൃഷിയിടത്തിൽ തൊഴിലാളിയെ നായ കടിച്ചു.
വിഴിഞ്ഞത്ത് പ്രഭാത സവാരിക്കിറങ്ങിയ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥന് നായ്ക്കൂട്ടത്തിന്റെ മാരക കടിയേറ്റ സംഭവമുണ്ടായത് രണ്ടു മാസം മുൻപാണ്. കോവളം ഹവ്വാ, ലൈറ്റ് ഹൗസ് തീരങ്ങളിൽ കുട്ടികളുൾപ്പെട്ട വിദേശ സഞ്ചാരി സംഘത്തിനു നേർക്കും നായ്ക്കളുടെ ആക്രമണമുണ്ടായി.ബീച്ചുകളിലും സമീപത്തുമായി 200ൽപ്പരം തെരുവു നായ്ക്കളുണ്ടെന്നാണ് ഏകദേശ കണക്ക്.
