January 15, 2026

തിരുവനന്തപുരം∙ കടലെടുത്ത ശംഖുമുഖം ബീച്ചിന്റെ പുനർനിർമാണത്തിന് തീരദേശ വികസന കോർപറേഷൻ നിർദേശിച്ച പദ്ധതി സർക്കാരിന്റെ അംഗീകാരത്തിന് സമർപ്പിക്കാൻ തീരുമാനം. കടൽക്ഷോഭത്തിൽ തകർന്ന ശംഖുമുഖം ബീച്ച് സന്ദർശിച്ച ശേഷം, നാഷനൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ചിന്റെ സാങ്കേതിക ഉപദേശകനും ഡീപ് വാട്ടർ മിഷൻ ഡയറക്ടറുമായ എം.വി.രമണമൂർത്തിയാണ് തീരദേശ വികസന കോർപറേഷന്റെ പദ്ധതിയാണ് തീരം വീണ്ടെടുക്കാൻ യോജ്യമെന്നു വിലയിരുത്തിയത്.തീരത്തുനിന്ന് 200 മീറ്റർ അകലെ കടലിൽ 6 മീറ്റർ താഴ്ചയിൽ ഒന്നര കിലോമീറ്റർ നീളത്തിൽ ജിയോ ട്യൂബുകൾ സ്ഥാപിക്കാനും ജിയോ ട്യൂബുകൾ സ്ഥാപിക്കുന്നതു മുതൽ കര വരെയുള്ള ഭാഗം മണൽ പോഷണം നടത്തി തീരം വീണ്ടെടുക്കാനുമുള്ള പദ്ധതിയാണ് കോർപറേഷൻ സമർപ്പിച്ചത്.

രമണ മൂർത്തിയുടെ സാന്നിധ്യത്തിൽ ആന്റണി രാജു എംഎൽഎ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരുടെ യോഗത്തിൽ ആദ്യഘട്ടമായി ഈ പദ്ധതി സർക്കാരിന് സമർപ്പിക്കാൻ തീരുമാനിച്ചു.ജിയോ ട്യൂബുകൾ സ്ഥാപിക്കുന്നതു വഴി വലിയ തിരമാലകളുടെ ശക്തി തീരക്കടലിൽ വച്ചു തന്നെ കുറയ്ക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. റോഡ്, വിനോദ സഞ്ചാര സംവിധാനങ്ങൾ, പരമ്പരാഗത മത്സ്യബന്ധനത്തിനുള്ള സംവിധാനങ്ങൾ എന്നിവ സംരക്ഷിക്കേണ്ടതിനാലാണ് ഈ പദ്ധതി തിരഞ്ഞെടുത്തത്. ജിയോ ട്യൂബുകൾ സ്ഥാപിച്ച ശേഷവും തീരം വീണ്ടെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇറിഗേഷൻ വകുപ്പ് സമർപ്പിച്ച പദ്ധതി രണ്ടാം ഘട്ടമായി നടപ്പാക്കും. കണ്ണാന്തുറ, വെട്ടുകാട്, കൊച്ചുവേളി പ്രദേശങ്ങളിൽ കടൽക്ഷോഭം ഉണ്ടാകാത്ത വിധത്തിൽ ചെറിയ പുലിമുട്ടുകൾ സ്ഥാപിച്ച് തീരത്ത് മണൽ പോഷണം നടത്തുന്ന പദ്ധതിയാണ് ഇറിഗേഷൻ വകുപ്പ് നിർദേശിച്ചത്.

തീരുമാനം മുഖ്യമന്ത്രി, പൊതുമരാമത്ത്, വിനോദ സഞ്ചാരം, ഫിഷറീസ്, ജലവിഭവ വകുപ്പ് മന്ത്രിമാരെ അറിയിക്കുമെന്ന് ആന്റണി രാജു അറിയിച്ചു. എയർപോർട്ട്–ശംഖുമുഖം റോഡിന്റെ സംരക്ഷണാർഥം നിർമിച്ച ഡയഫ്രം വാൾ(കോൺക്രീറ്റ് കടൽഭിത്തി) തീരത്ത് എല്ലായിടത്തും നിർമിക്കണമെന്ന പൊതുമരാമത്ത് വകുപ്പിന്റെ നിർദേശം പ്രായോഗികമല്ലെന്ന് വിലയിരുത്തി.തീരദേശ വികസന കോർപറേഷൻ എംഡി ഷേക്ക് പരീത്, കൗൺസിലർ സെറാഫിൻ ഫ്രെഡി, മേജർ ഇറിഗേഷൻ സൂപ്രണ്ടിങ് എൻജിനീയർ എസ്.ബിന്ദു, ടൂറിസം ഡപ്യൂട്ടി ഡയറക്ടർ ഡോ.കെ.എ.എം.അൻസർ എന്നിവരും പൊതുമരാമത്ത്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഉദ്യോഗസ്ഥരും രമണ മൂർത്തിക്കൊപ്പം ബീച്ച് സന്ദർശിച്ചു.തലസ്ഥാനത്തെ തീരദേശ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഏറ്റവും ആകർഷകമായ ശംഖുമുഖം ബീച്ച് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് മലയാള മനോരമ വാർത്തകളെത്തുടർന്നാണ് സർക്കാർ സംവിധാനങ്ങളുടെ അടിയന്തര ഇടപെടലുണ്ടായത്. 

Leave a Reply

Your email address will not be published. Required fields are marked *